‘ഒരിക്കലും അർജന്റീന ആരാധകനോട് ഇങ്ങനെ പെരുമാറരുത്’; പുയ്യാപ്ലയ്ക്ക് കൊടുത്ത പണി

‘ഒരിക്കലും ഒരു അർജന്റീന ആരാധകനോട് ഇങ്ങനെ പെരുമാറരുത്..’ മലപ്പുറത്തിന്റെ ഫുട്ബോൾ കമ്പത്തിന് പുതിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാം ഇൗ പുയ്യാപ്ലയെ എന്നാണ് സോഷ്യൽ ലോകത്തെ കമന്റുകൾ. കല്ല്യാണ ദിവസം തന്നെ പണി കിട്ടുക. അതും വധുവിന്റെ വീട്ടുകാരുടെ കയ്യിൽ നിന്നും. ഏറെ രസകരമാണ് തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇഹ്ജാസ് അസ്‍ലമിന്റെ വിവാഹദിനം

അർജന്റീനയുടെ കടുത്ത ആരാധകനായ അസ്‍ലമിന് തന്റെ വിവാഹദിനത്തില്‍  അണിയേണ്ടിവന്നത് നെയ്മറുടെ ജഴ്സി. വരന്റെ അർജന്റീന പ്രേമം തിരിച്ചറിഞ്ഞ വധുവിന്റെ വീട്ടുകാരാണ് ഈ പണി കൊടുത്തത്.  വരനെ ഭാര്യവീട്ടുകാർ നിർബന്ധിച്ച് നെയ്മറുടെ ജഴ്സി അണിയിക്കുകയായിരുന്നു. ബ്രസീൽ പതാക നിറഞ്ഞ കേക്കും മുറിക്കേണ്ടിവന്നു. 

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇഹ്ജാസ് അസ്‍ലമിന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. കൂട്ടിലങ്ങാടി സ്വദേശിനി മുബഷിറയാണ് വധു. ബ്രസീലിന്റെയും നെയ്മറിന്റെയും ആരാധകരാണ് മുബഷിറയുടെ സഹോദരനും അമ്മാവൻമാരും. ഇവരുമായി ഇഹ്ജാസ് വിവാഹത്തിനു മുൻപേ ഫാൻ ഫൈറ്റ് തുടങ്ങിയിരുന്നു. 

വിവാഹദിനത്തിൽ വീടും മണിയറയും അർജന്റീന ജഴ്സിയിൽ‌ അലങ്കരിക്കുമെന്നു പ്രഖ്യാപിച്ച ഇഹ്‍ജാസിനുള്ള തിരിച്ചടിയാണ് അവർ വിവാഹവേദിയിൽ നടപ്പാക്കിയത്. തന്റെ ‘വെറുക്കപ്പെട്ട’ ജഴ്സിയണിഞ്ഞിന്റെ വേദനയിലും ഇജ്‍ഹാസ് പറഞ്ഞു; മേലിൽ ഒരു അർജന്റീനക്കാരനോടും ഇങ്ങനെ ചെയ്യരുത്. ഫുട്ബോൾ ആരാധകൻ മാത്രമല്ല കളിക്കാരനും കൂടിയാണ് ഇഹ്ജാസ്. സൗദിയിൽ ക്രൗൺ എന്ന ക്ലബിൽ കളിക്കുന്നുണ്ട്. ലയണൽ മെസ്സിയാണ് ഇഷ്ടതാരം. മുബഷിറയും മെസ്സി ഫാനാണെന്നറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. ‘ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഇത്രേം വലിയ ദുരന്തമായിരിക്കുമെന്ന് അറിഞ്ഞില്ല. മുത്താണ് അർജന്റീന, മുത്തുമണിയാണ് മെസ്സി’. വിവാഹത്തിരക്കുകൾക്കുശേഷം ഇഹ്ജാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.