കാർത്തിക്കിന്റേത് പിഴവ്; 'തോൽവിയും പരമ്പര നഷ്ടവും ചോദിച്ചു വാങ്ങിയത്'; വിവാദച്ചൂട്

തകർപ്പൻ പ്രകടനവുമായി ഇരുടീമുകളും കളം നിറഞ്ഞ മത്സരത്തിൽ ഇന്ത്യൻ പരാജയം നാലു റൺസിനായിരുന്നു. സ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന ദിനേഷ് കാർത്തിക് – ക്രുനാൽ പാണ്ഡ്യ സഖ്യത്തിന് 11 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

അവസാന ഓവറില്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ച കാര്‍ത്തിക്കിന്റെ പിഴവാണ് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും നിഷേധിച്ചതെന്ന് തുറന്നു പറഞ്ഞ് ഹർഭജൻ സിങ് വിവാദത്തിന് തിരി തെളിയിച്ചു കഴിഞ്ഞു. ഫിനിഷറുടെ ജോലിയാണ് കാര്‍ത്തിക്കിന് ടീമില്‍ ചെയ്യാനുള്ളത്. നിദാഹാസ് ട്രോഫിയില്‍ അദ്ദേഹം അത് ഭംഗിയായി ചെയ്തു. എന്നാല്‍ അവിടെ പന്തെറിഞ്ഞത് സൗമ്യ സര്‍ക്കാരും ഇവിടെ സൗത്തിയുമാണെന്ന വ്യത്യാസമുണ്ട്– ഹർഭജൻ തുറന്നടിച്ചു. 

കാർത്തിക്കിന് ഞാനൊരു ഉപദേശം തരാം. സ്വന്തം കഴിവിൽ വിശ്വസിക്കുക, അതുപോലെ അപ്പുറത്ത് നില്‍ക്കുന്നയാളെയും വിശ്വാസത്തിലെടുക്കുക ഹർഭജൻ പറയുന്നു.  ക്രുനാല്‍ പാണ്ഡ്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍. ഫിനിഷറുടെ ജോലിയാണ് കാര്‍ത്തിക്കിന് ടീമില്‍ ചെയ്യാനുണ്ടായിരുന്നത്.  സൗത്തിയുടെ മുന്‍ ഓവറില്‍ ക്രുനാല്‍ 18-19 റണ്‍സടിച്ചിരുന്നു. അതുകൊണ്ട് കാര്‍ത്തിക്കിന്റെ ആ ഒരു പിഴവില്ലായിരുന്നെങ്കില്‍ കളിയും പരമ്പരയും ഇന്ത്യയുടെ കൈയിലിരുന്നേനെ– ഹർജൻ പറഞ്ഞു. പരമ്പരയില്‍ ഇന്ത്യ പൊരുതി തന്നെയാണ് തോറ്റതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ആദ്യ ഓവറിൽത്തന്നെ സ്പിൻ കെണിയൊരുക്കിയാണ് കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ വരവേറ്റത്. മിച്ചൽ സാന്റ്നർ എറിഞ്ഞ ആദ്യ ഓവറിന്റെ മൂന്നാം പന്ത് ബൗണ്ടറി കടത്തിയ ധവാൻ ട്രാക്കിലാണെന്നു തോന്നിച്ചെങ്കിലും വെറുതെയായി. ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറിക്കരികെ ഡാരിൽ മിച്ചലിനു ക്യാച്ച് സമ്മാനിച്ച് പുറത്ത്. അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ആറു റൺസ് മാത്രം. ഇന്ത്യ മറ്റൊരു കൂട്ടത്തകർച്ചയിലേക്കെന്ന് കരുതിയിരിക്കെ, രോഹിത്തിന് കൂട്ടായി എത്തിയത് വിജയ് ശങ്കർ. പതുക്ക കളം പിടിച്ച ഇരുവരും പിന്നീട് ഗിയർ മാറ്റിയതോടെ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് റൺസെത്തി. ആദ്യ ഓവറിന്റെ അവസാന പന്തു മുതൽ ഒൻ‌പതാം ഓവർ വരെ 50 പന്തുകൾ ക്രീസിൽനിന്ന സഖ്യം 75 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സാന്റ്നറിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമത്തിൽ ഗ്രാൻ‍ഡ്ഹോമിന് ക്യാച്ച് സമ്മാനിച്ച് വിജയ് ശങ്കർ പുറത്തായി. 28 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43 റൺസായിരുന്നു സമ്പാദ്യം.