റൊണാള്‍ഡോ എംബാംപെയെക്കാൾ 'ഫിറ്റ്'; 40 വരെ കളിക്കണമെന്ന് ആരാധകർ

ഇന്ന് 34ാംജന്മദിനം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കിലിയന്‍ എംബാംപെയെക്കാളും ശാരിരിക്ഷമതയുള്ളവനാണെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട. ഒരുവര്‍ഷം മുമ്പുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് റൊണാള്‍‌ഡോയുടെ ശരീരപ്രകൃതം 20വയസുകാരന്റേതിനു സമാനമാണ്. മൈതാനത്ത് ഓടിനടക്കുന്നതിലും മുഴുവന്‍ സമയം കളിക്കുന്നതിലും റൊണാള്‍ഡോ ഇരുപതുകാരന്റെ മികവ് തുടരുന്നു.

ഇവന്‍ 40വരെ കളിക്കും

ഇപ്പോള്‍ 34വയസായെങ്കിലും 40വയസുവരെ റൊണാള്‍ഡോ കളിക്കുമെന്നാണ് ആരാധകരുടെ വാദം. ശാരിരികക്ഷമത മാത്രമല്ല റൊണാള്‍ഡോയുടെ മാനസികക്ഷമതയും കണക്കിലെടുത്താണ് ആരാധകരുടെ ഈ വിലയിരുത്തല്‍. ഒരുമണിക്കൂറില്‍ 33.98കിലോമീറ്ററാണ് റൊണാള്‍ഡോയുടെ വേഗം. റഷ്യയില്‍ നടന്ന ലോകകപ്പിലെ കണക്കാണിത്.

കരുത്തായി വ്യായമം

കൗമാരപ്രായത്തില്‍ തന്നെ മുതിര്‍ന്നവരെ വെട്ടിയൊഴിഞ്ഞ് കളത്തിലൂടെ കുതിക്കുന്ന റൊണാള്‍‍ഡോയെ ആണ് കാണുന്നത്. ചിട്ടയായ പരിശീലനവും വ്യായാമവും ഭക്ഷണരീതികളും റൊണാള്‍ഡോയെ കരുത്തുറ്റവനാക്കി. ദ്രുതചലനങ്ങളും കരുത്തുറ്റ ശരീരവും ശക്തിയേറിയ ഷോട്ടുകളുമായി റൊണാള്‍ഡോ കളം നിറയുമ്പോള്‍ ശാസ്ത്രീയ ഫുട്ബോളിന്റെ കണക്കുകള്‍ മൈതാനത്ത് തെളിയും. രാവിലെ എഴുന്നേല്‍ക്കുന്ന റൊണാള്‍ഡോ ഐസ് ബാത്തിനുശേഷം ശരീര വ്യായമങ്ങളിലേക്കും ഫുട്ബോള്‍ പരിശീലനത്തിലേക്കും തിരിയും. അത് മണിക്കൂറുകള്‍ നീളും. കൂടാതെ മസിലുകള്‍ക്ക് കരുത്ത് പകരുന്ന ഭക്ഷണരീതികളും.

അര്‍പ്പണബോധം

കളത്തില്‍ പൂര്‍ണഅര്‍പ്പണത്തോടെ കളിക്കുന്ന റൊണാള്‍ഡോ സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നതിലും സ്വയം പ്രചോദിതനാകുന്നതിലും മികവുകാട്ടുന്നു. ഗോളിനായി ശ്രമിക്കുന്നതുപോലെ ഗോളവസരം സൃഷ്ടിക്കുന്നതിലും.