കൃഷ്ണഗിരിയിലേത് ചരിത്രം; ഇത് കേരള ക്രിക്കറ്റിന്റെ സുവര്‍ണ തലമുറ

61 വര്‍ഷത്തെ കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് കൃഷ്ണഗിരിയിലേത്. വമ്പന്‍മാരടങ്ങിയ ഗ്രൂപ്പില്‍ നിന്നും പൊരുതിക്കയറിയാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്.

കേരള ക്രിക്കറ്റിന്റെ സുവര്‍ണ തലമുറയെയയാണ് ഈ വര്‍ഷം ക്രീസില്‍ കണ്ടത്. ബംഗാളും വിദര്‍ഭയും സൗരാഷ്ട്രയുടമങ്ങുന്ന കരുത്തരന്മാരുടെ എലൈറ്റ് ഗ്രൂപ്പില്‍ നിന്നാണ് കേരളം ക്വാര്‍ട്ടറിലേക്ക് മാര്‍ച്ചു ചെയ്തത്.  

ഹൈദരാബാദിനോട് സമനില പിടിച്ചാണ് സച്ചിന്‍പ്പട തുടങ്ങിയത്. പിന്നാലെ ആന്ധ്രയെ അവരുടെ മൈതാനത്ത് 9 വിക്കറ്റിന് തകര്‍ത്തു. 

മനോജ് തിവാരിയും ഇഷാന്‍ പോറലും മുഹമ്മദ് ഷമിയുമടങ്ങുന്ന ബംഗാളിനെ അവരുടെ നാട്ടില്‍ ചെന്ന് ഒന്‍പത് വിക്കറ്റിന് തരിപ്പണമാക്കി കേരളം കരുത്തുകാട്ടി.  ആദ്യമായാണ് കേരളം ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നുണഞ്ഞത്.  പിന്നാലെ  മധ്യപ്രദേശിനോട് 5 വിക്കറ്റിനും തമിഴ്നാടിനോട് 151 റണ്‍സിനും തോറ്റത് കേരളത്തെ പ്രതിസന്ധിയിലാക്കി.  

എന്നാല്‍ ഡല്‍ഹിയോട് ഇന്നിങ്സിനും 26 റണ്‍സിനും ജയിച്ച് േകരളം തിരിച്ചുവന്നു. പിന്നാലെ പത്ത് വിക്കറ്റിന് പഞ്ചാബിനോട് തോറ്റു. അതോടെ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് ജീവന്‍ മരണ പോരാട്ടമായി.  ആദ്യഇന്നിങ്സില്‍ ഹിമാചലിനെതിരെ കേരളം ലീഡ് വഴങ്ങി .  പിന്നെകണ്ടത് രഞ്ജി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്.

അംതാറിലെ അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമായി കേരളം. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വണ്‍ ഡൗണായി  സ്പിന്നർ സിജോമോൻ ജോസഫ്.

ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം അവസാനദിനം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍  കേരളം മറികടന്നു. 53 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് സ‍ഞ്ജു വിജയറൺ കുറിച്ചു.