കൃഷ്ണഗിരിയില്‍ ഹൃദയം കവര്‍ന്നത് സച്ചിന്‍ ബേബിയും കൂട്ടരും; തോല്‍വിയിലും തലയെടുപ്പ്

ഈ സീസണ്‍ തുടങ്ങും മുമ്പ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിെര പടവെട്ടയവര്‍, അവരില്‍ ചിലര്‍ സസ്പെന്‍ഷന്‍ നേരിട്ടപ്പോള്‍  ചിലര്‍ക്ക് പിഴയൊടുക്കേണ്ടി വന്നു. എന്നാല്‍ വീണ്ടും അവര്‍ അതേ ക്യാപ്റ്റനു കീഴില്‍‌ കളിച്ച് ചരിത്രം കുറിച്ചു. അവര്‍ പഴിച്ച ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കേരള ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത മാസ്മരിക ബോളിങ്ങും ബാറ്റിങ് പ്രകടനവും ജയവും കണ്ടു. 

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 

സെമിയില്‍ തോറ്റതില്‍ നിരാശയില്ലെന്നും ഇവിടെവരെയുള്ള ചരിത്രക്കുതിപ്പില്‍ ഭാഗമായ ഓരോ കളിക്കാരെ ഓര്‍ത്തും അഭിമാനം ഉണ്ടെന്നും ക്യാപ്റ്റന്‍ സച്ചിന്‍ േബബി പറഞ്ഞു.

കഴിഞ്ഞ സീസണിലും കേരള രഞ്ജി ടീമിനെ നയിച്ചത് ഇടുക്കി ജില്ലയിലെ തൊടുപുഴ നിന്നുള്ള സച്ചിന്‍ ബേബി തന്നെ. ലോകം കണ്ട മികച്ച കോച്ചുമാരില്‍ ഒരാളായ ഡ‍േവ് വാട്്മോറിനു കീഴില്‍ മികവുറ്റ കളി കാഴ്ചവച്ച് ചരിത്രത്തില്‍ ആദ്യമായി കേരളത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ എത്തിച്ചു. ഈ സീസണിലേക്കും വാട്മോര്‍ ടീമിനെ മെരുക്കുന്നതിനിടയില്‍ ഇന്ത്യ കളിച്ചിട്ടുള്ള ഒരു താരം ടീമിലെ പടയൊരുക്കത്തിന് തുടക്കമിട്ടു. ‘ക്യാപ്റ്റന്‍ പക്ഷപാതിയെന്നും നീതി പുലര്‍ത്തുന്നില്ല’ എന്നും പറഞ്ഞ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ താരങ്ങളുടെയും ജൂനിയര്‍ താരങ്ങളുടെയും ഒപ്പുസമാഹരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് പരാതി അയച്ചു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ ക്യാപ്റ്റനല്ല പ്രശ്നക്കാരന്‍ എന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് കത്തില്‍ ഒപ്പിട്ട അ‍ഞ്ചുപേര്‍ക്ക് സസ്പെന്‍ഷനും എട്ടുപേര്‍ക്ക് പിഴ ശിക്ഷയും വിധിച്ചു. പട നയിച്ച ഇന്ത്യകളിച്ച താരത്തിനും ഒടുവില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് കീഴില്‍ അടങ്ങിനിന്ന് കളിക്കേണ്ടി വന്നു. ടീമിലെ ബാറ്റിങ് നിരയെയും ബോളിങ് നിരയെയും അളവറ്റ് പ്രോത്സാഹിപ്പിച്ച സച്ചിന്‍ ഈ സീസണില്‍ പത്ത് മല്‍‌സരത്തില്‍ നിന്ന് രണ്ടു സെഞ്ചുറി ഉള്‍പ്പെടെ 501റണ്‍സ് നേടി. ഫീല്‍ഡിങ് പ്ലെയ്സിങ്ങുകളും ബോളര്‍മാരെ മാറി മാറി പരീക്ഷിക്കുന്നതിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നതിലും ക്യാപ്റ്റന്‍ മികവോടെ നിന്നു. 

നട്ടെല്ലായത് കോച്ചും സംഘവും

ശ്രീലങ്കയ്ക്ക് ലോകകിരീടം സമ്മാനിച്ച കോച്ച് ഡേവ് വാട്്മോര്‍ കളിക്കാരെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കളിക്കളത്തിലെ പിഴവുകള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന കോച്ച് അതിന്റെ പേരില്‍ താരങ്ങളെ ഒരിക്കലും മാറ്റിനിര്‍ത്തിയില്ല, കുറ്റപ്പെടുത്തിയില്ല. എതിര്‍ ടീമിന്റെ ശക്തിയും ദൗര്‍ബല്യവും വീഡിയോയിലൂടെ തന്നെ കേരള താരങ്ങളെ കാണിച്ചുകൊടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചു. സ്വന്തം കരുത്ത് വര്‍ധിപ്പിക്കുന്നതിനാണ് ഓരോ താരങ്ങള്‍ക്കും കോച്ച് നിര്‍ദേശം നല്‍കിയത്. ബാറ്റിങ് കോച്ച് സെബാസ്റ്റ്യന്‍ ആന്റണിയും ഫീല്‍ഡിങ് കോച്ച് മസര്‍ മൊയ്തുവും ട്രെയിനര്‍ രാജേഷ് ചൗഹാനും ഫിസിയോ ആദര്‍ശും താരങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും പിഴവുകള്‍ പരിഹരിക്കുന്നതിലും കാണിച്ച ആത്മസമര്‍പ്പണം കേരളത്തിന്റെ ചരിത്രക്കുതിപ്പിന് നിര്‍ണായകമായി. കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും കൂട്ടിയിണക്കി ടീം മാനേജര്‍ സജികുമാറും ഒപ്പം ചേര്‍ന്നതോടെ കേരള ടീം ഏത് ടീമിനെയും തോല്‍പിക്കാന്‍ പോന്നതായി. 

ചരിത്രക്കുതിപ്പിലെ താരങ്ങള്‍‌

ജലജ് സക്സേനയെന്ന മധ്യപ്രദേശുകാരന്‍ ഓള്‍റൗണ്ടര്‍ സീസണിലെ ആദ്യ വിജയങ്ങളില്‍ നിര്‍ണായകമായി. രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 551റണ്‍സെടുത്ത ജലജ് തന്നെ റണ്‍വേട്ടയില്‍ മുന്നില്‍. ഒപ്പം 28വിക്കറ്റും നേടി. 501റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് രണ്ടാംസ്ഥാനത്ത്. 399റണ്‍സെടുത്ത വിഷ്ണു വിനോദും 343റണ്‍സെടുത്ത സഞ്ജു സാംസണും ബാറ്റിങ്ങിലെ കരുത്തായി. ബോളിങ്ങിലേക്ക് എത്തിയാല്‍ സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി സഖ്യത്തിന്റെ കടന്നാക്രമണമാണ് കണ്ടത്. സന്ദീപ് 44 വിക്കറ്റോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി. 33റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. 36വിക്കറ്റെടുത്ത ബേസില്‍ തമ്പിയും അഞ്ചുമല്‍സരങ്ങളില്‍ നിന്ന് 16വിക്കറ്റെടുത്ത നിധീഷും ബോളിങ്ങില്‍ തിളങ്ങി. ഇനി ഇവരില്‍ ആരൊക്കെ ഇന്ത്യ എ ടീമിലും ഇന്ത്യ സീനിയര്‍ ടീമിലും കളിക്കുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.