കൈപ്പിടിച്ചുയര്‍ത്തിയത് സക്സേന; ഇത് കേരളത്തിന്റെ ഭാഗ്യതാരം

ചരിത്രനേട്ടത്തിലേക്ക് കേരളത്തെ കൈപ്പിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരു ഇതര സംസ്ഥാനക്കാരനുമുണ്ടായിരുന്നു. ആദ്യറൗണ്ടുകളില്‍ കേരളത്തെ ജയത്തിലേക്ക് നയിച്ചത് ജലജ് സക്സേനയുടെ ഓള്‍റൗണ്ട് മികവാണ്.

കഴിഞ്ഞ രണ്ട് സീസണിലും കേരളത്തിനടിച്ച ലോട്ടറിയായിരുന്നു സക്സേന. ആദ്യമല്‍സരങ്ങളില്‍ എതിരാളകളെ കറക്കി വീഴത്തിയ മധ്യപ്രദേശുകാരന്‍  ബാറ്റിങ്ങില്‍ കേരളത്തിന്റെ നട്ടെല്ലായി. 

സീസണില്‍ ആകെ അടിച്ചെടുത്തത് 537 റണ്‍സ്. പിഴുതെറിഞ്ഞത് 28 വിക്കറ്റ്. ആന്ധയ്ക്കെതിരെ ആദ്യഇന്നിങ്സില്‍ 133 റണ്‍സ് അടിച്ചെടുത്ത സക്സേന 45 റണ്സ് മാത്രം വിട്ടുകൊടുത്ത് 8 വിക്കറ്റ് വീഴ്ത്തി. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. രണ്ടാംഇന്നിങ്സില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി ജലജ് മല്‍സരത്തിലെ ആകെ വിക്കറ്റ് നേട്ടം ഒന്‍പതാക്കി. 

ബംഗാളിനെതിരായ മല്‍സരത്തിലായിരുന്നു രണ്ടാംസെഞ്ചുറി. 143 റണ്‍സെടുത്ത സക്സേന ചരിത്രജയത്തിലേക്ക് കേരളത്തെ നയിച്ചു. ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറി പിന്നിട്ട താരം ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഹൈദരാബാദിനെതിരേയും 50 ന് മുകളില്‍ സ്കോര്‍ ചെയ്തു. തമിഴ് നാടിനെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടപ്പോള്‍ പന്ത് കൊണ്ട് ഉത്തരം നല്‍കി. 

ആദ്യമല്‍സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ താരം പിന്നീട് മധ്യനിരയിലേക്ക് മാറുകയായിരുന്നു. രണ്ടാംഇന്നിങ്സില്‍ ഗുജറാത്തിനെതിരെ നേടിയ 44 റണ്‍സ് കേരളത്തെ പൊരുതാവുന്ന വിജയം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി.

പരിചയസമ്പന്നനായ ഒരുഓള്‍റൗണ്ടറെത്തേടിയുള്ള കേരളത്തിന്റെ അന്വേഷണം  ജലജ് സക്സേനയില്‍ അവിചാരിതമായി എത്തുകയായിരുന്നു. ജലജ് ഉള്‍പ്പെട്ട ഇന്ത്യ എ ടീം ന്യൂസീലന്‍ഡ് പര്യടനം നടത്തിയപ്പോള്‍ ടീമിന്റെ മാനേജറായിരുന്നു കെ.സി.എ പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ്. 

പിന്നീട് ജലജ മധ്യപ്രദേശ് ടീം വിടുന്നതായി അറിഞ്ഞപ്പോള്‍ മുന്‍ ഇന്ത്യന്‍ 

താരമായ ടിനു യോഹന്നാന്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിലേക്ക് എത്തുന്നത്. ഹിമാചലിനെതിരായ മല്‍സരത്തില്‍ പരുക്കേറ്റ് കളിക്കാനായില്ലെങ്കിലും ചരിത്രനിമിഷത്തിലേക്കുള്ള വഴി വെട്ടിത്തെളിക്കാന്‍ ചുക്കാന്‍ പിടിച്ചത് ജലജായിരുന്നു.