ഓസീസ് മണ്ണിലെ സെഞ്ചുറി തമ്പുരാൻ; തോൽവിയിലും രോഹിതിന് കയ്യടി

സെഞ്ചുറി പാഴായെങ്കിലും അപൂർവ്വ റെക്കോർഡുമായാണ് ഹിറ്റ്മാൻ രോഹിത് ശർമ കളം വിട്ടത്. ഓസീസ് മണ്ണിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി. ഓസ്ട്രേലിയയിലെ നാലാ‍മത്തേതും കരിയറിലെ 22ാമത്തെയും സെഞ്ചുറിയാണ് താരം സിഡ്നിയിൽ അടിച്ചെടുത്തത്. 129 പന്തിൽ 133 റൺസ് നേടിയാണ് രോഹിത് പുറത്തായത്. 

മൂന്ന് സെഞ്ചുറിയുമായി വെസ്റ്റിൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സിനൊപ്പമായിരുന്നു ഓസീസ് മണ്ണിലെ 'സെഞ്ചുറി' റെക്കോർഡ്. രണ്ട് സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് നിലവിൽ മൂന്നാം സ്ഥാനത്ത്. 

സെഞ്ചുറിനേട്ടവുമായി രോഹിത് കത്തിക്കയറിയെങ്കിലും 34 റൺസിന് ഇന്ത്യ തോറ്റു. 289 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 254 റൺസിന് പുറത്തായി.  മൂന്ന് പരമ്പരയിൽ 1–0ന് ഓസീസ് മുന്നിലെത്തി. 

ഏകദിന ലോകകപ്പിനായി തയാറെടുക്കുന്ന ഇന്ത്യയ്ക്കു മുന്നിൽ, ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഒരുപിടി ചോദ്യങ്ങൾ ബാക്കിവച്ചാണ് സിഡ്നി ഏകദിനത്തിനു തിരശീല വീഴുന്നത്. ഓസീസിനായി റിച്ചാർഡ്സൻ 10 ഓവറിൽ 26 റൺസ് വഴങ്ങി നാലും അരങ്ങേറ്റ മൽസരം കളിച്ച ബെഹ്റെൻഡ്രോഫ് 10 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയ്നിസും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ, നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ പീറ്റർ സിഡിലിനാണ് കുൽദീപ് യാദവിന്റെ വിക്കറ്റ്. റിച്ചാർഡ്സനാണു കളിയിലെ കേമൻ. പരമ്പരയിലെ രണ്ടാം മൽസരം ചൊവ്വാഴ്ച നടക്കും.