'സ്മിത്തും വാർണറും വന്നാലും ഓസീസ് നന്നാകില്ല'; ആഷസിന് മുൻപെ ചർച്ചച്ചൂട്

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മടങ്ങിയെത്തിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഓസ്ട്രേലിയ കരുതുന്നുണ്ടെങ്കിൽ, അവര്‍ സ്വയം വിഡ്ഡികളാകുകയാണെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. ഇത്തവണത്തെ ആഷസ് പരമ്പരയിൽ ജയിക്കണമെങ്കിൽ ഓസീസ് ടീമിൽ വലിയ അഴിച്ചുപണി വേണ്ടിവരുമെന്നും വോണ്‍ പറഞ്ഞു. 

നാല് ടെസ്റ്റുകളിലും ഒറ്റ സെഞ്ചുറി പോലും നേടാനായില്ലെന്നതും, 30 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓൺ ചെയ്യേണ്ടി വന്നതും ഓസ്ട്രേലിയക്ക് വലിയ നാണക്കേടാണ്. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ഇല്ലാത്തതാണ് ഓസീസിന്റെ പ്രശ്നമെന്ന് വിലയിരുത്തുന്നവർ ടീമിനുള്ളില്‍ തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് വോണിന്റെ പരാമർശം. 

ഇരുവരുടെയും അസാന്നിധ്യം ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നത് വ്യക്തമാണെങ്കിലും അത് മാത്രമാണ് പ്രശ്നമെന്ന് കരുതുന്നത് വിഡ്ഡിത്തമാണെന്നാണ് വോൺ പറയുന്നത്. ''പ്രശ്നങ്ങൾ അതിലും ഗുരുതരമാണ്. വലിയ മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ ഇത്തവണത്തെ  ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനാകില്ല''-വോൺ പറഞ്ഞു. 

''ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ അഴിച്ചുപണി വേണ്ടിയിരിക്കുന്നു. ടെസ്റ്റ് ടീമിലെ എല്ലാ ഭാഗങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. സ്മിത്തും വാർണറും മടങ്ങിയെത്തുന്നതോടെ എല്ലാം ശരിയാകുമെന്ന് കരുതുന്നത് സ്വയം പരിഹസിക്കുന്നതിന് തുല്യമാണ്.''-വോൺ പറഞ്ഞു.

പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് പന്ത്രണ്ട് മാസത്തെ വിലക്കിലാണ് സ്മിത്തും വാർണറും. അതിന് ശേഷം കളിച്ച് 14 ഇന്നിംഗ്സുകളിൽ മൂന്ന് തവണ മാത്രമാണ് ഓസീസിന് 300 റണ്‍സിന് മുകളിൽ നേടാനായത്. 362/8 ആണ് ഇക്കാലയളവിലെ ഉയർന്ന സ്കോർ.