ഗാംഗുലിയുടെ ഇന്ത്യയും കോഹ്‍ലിയുടെ ഇന്ത്യയും; തുറന്നുപറ‍ഞ്ഞ് മുന്‍ ക്യാപ്റ്റൻ

സിഡ്നിയിലെ ഇന്ത്യയുടെ ചരിത്രജയത്തിനു ശേഷമുള്ള വിജയാഘോഷങ്ങൾ തുടരുന്നു. ഇന്ത്യൻ ടീമിന്‍റെ വിജയത്തെ വാനോളം പുകഴ്ത്തിയ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എടുത്തുപറഞ്ഞത് റിഷഭ് പന്തിന്‍റെ പ്രകടനമാണ്. ഒന്നാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 7 ഇന്നിങ്ങ്സുകളിൽ നിന്നായി 350 റൺസാണ് പന്ത് അടിച്ചെടുത്തത്.

''പന്ത് ഒരു ഇന്ത്യക്ക് സൂപ്പർ പ്ലെയറാണ്. ഈ സീരിസിലും ഭാവിയിലെ കളികളിലും അവൻ തിളങ്ങും. ഉഗ്രൻ വിജയമാണ് സിഡ്നിയില്‍ ഇന്ത്യ നേടിയത്'', ഗാഗുലി പറഞ്ഞു.

കോഹ്‍ലി നയിച്ച ഇന്ത്യൻ ടീമിനെയും 2003-04 ൽ ഗാഗുംലി നയിച്ച ഇന്ത്യൻ ടീമിനെയും താരതമ്യം ചെയ്യാമോ എന്ന ചോദ്യത്തിന് ഞാൻ ഒരിക്കലും താരതമ്യം ചെയ്യില്ല, ആ ചോദ്യത്തിന് ഞാൻ മറുപടിയും പറയില്ല എന്ന ഉത്തരമാണ് ഗാംഗുലി നല്‍കിയത്.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു. കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ ചരിത്രമെഴുതി. ഒാസീസ്‌ മണ്ണിൽ അവരെ 31 വർഷങ്ങൾക്ക്​ ശേഷം ഫോളോഒാൺ ചെയ്യിക്കുന്ന ടീം എന്ന നേട്ടവും ടീം ഇന്ത്യ സ്വന്തമാക്കി.