കണക്കുകൾ തീർക്കാനുളളത്: അടിച്ചു പറത്തിയ മാക്സ്‌വെല്ലിനോട് ക്രുനാലിന്റെ പ്രതികാരം

സഹോദരൻ ഹാര്‍ദിക് പാണ്ഡ്യയുടെ നിഴലിൽ നിന്ന് പുറത്തു കടക്കുകയാണ് അനുജൻ ക്രൂനാൽ പാണ്ഡ്യ. വിൻഡിസിനെതിരായ രണ്ടാം ട്വൻടി20 യിൽ ഒന്നാന്തരം മരണ ബൗൺസർ എറിഞ്ഞാണ് താരം തന്റെ വരവറിയിച്ചത്. വിന്‍ഡീസ് നായകന്‍ ബ്രാത്ത്‌വെയ്റ്റിനെതിരെ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് എത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ല. 

ബ്രിസ്ബണിൽ മാക്സ്‌വെൽ ക്രുനാലിന് പഞ്ഞിക്കിട്ടതോടെ ക്രുനാലിനെ പുറത്താക്കണമെന്ന് നാല് കോണുകളിൽ നിന്നും ആവശ്യമുയർന്നു. നാല് ഓവറിൽ 55 റൺസാണ് താരം വിട്ടുകൊടുത്തത്. മത്സരം പരാജയപ്പെടാനുളള മുഖ്യ കാരണമായി ഏവരും ചൂണ്ടിക്കാട്ടിയത് ക്രുനാലിന്റെ ഓവറുകളായിരുന്നു.ഒരു ഓവറിൽ മൂന്ന് സിക്സുകൾ ഉൾപ്പടെ പാണ്ഡ്യക്കിട്ട് മാത്രം 36 റൺസാണ് മാക്സ‌വെൽ അടിച്ചു കൂട്ടിയത്.  ഇതോടെ രണ്ടാം മത്സരത്തിൽ പണ്ഡ്യയെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായി.

എന്നാൽ രണ്ടാം മത്സരത്തിലും ക്രുണാൽ ടീമിൽ ഇടം പിടിച്ചു. തന്നെ അടിച്ചു പറത്തിയ മാക്സ്‌വെല്ലിന്റെ കുറ്റി തെറിപ്പിച്ചാണ് ക്രുനാൽ പ്രതികാരം വീട്ടിയത്. ആദ്യ മത്സരത്തിന് ശേഷം ക്രുനാല്‍ പാണ്ഡ്യയെ മാറ്റണമെന്നും പകരം യുസ്‌വേന്ദ്ര ചഹാലിനെ കളിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടും കോഹ്‌ലി ക്രുനാലിന് തന്നെ അവസരം നൽകുകയായിരുന്നു. 

ഓസ്ട്രേലിയൻ ഇന്നിങ്സിലെ പതിനൊന്നാം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ നേരിട്ടത് മാക്സ്‌വെൽ. ഓവറിൽ ആദ്യ രണ്ട് പന്തുകളും രണ്ട് റൺസ് ഓടിയെടുത്ത് മാക്സ്‍വെൽ സ്ട്രൈക്ക് എൻഡിൽ തുടർന്നു. മൂന്നാം പന്ത് ബൗണ്ടറി. തുടർന്നുളള രണ്ട് പന്തുകളും മാക്സ‌വെല്ലിനെ കടന്നു പോയി. അവസാന പന്തിൽ മാക്സ്‌വെല്ലിനെ ക്ലീൻ ബൗൾഡ് ആക്കി ക്രുനാലിന്റെ മധുര പ്രതികാരം.  

പേസര്‍ ഓള്‍റൗണ്ടര്‍മാരുടെ കുറവ് ഹാര്‍ദിക്കിന് അനുഗ്രഹമായപ്പോള്‍ പ്രതിഭാധനരായ സ്പിന്നര്‍മാരുടെ ആധിക്യമാണ് ക്രുനാലിന് തിരിച്ചടിയായത്. വൈകിയെങ്കിലും ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ലഭിച്ച അവസരം പരമാവധി മുതലാക്കുകകയാണ്  ക്രുണാല്‍. ക്രിക്കറ്റ് മൈതാനത്തുള്ള ഓരോ നിമിഷവും ടീമിനായി പരമാവധി നല്‍കാനുള്ള കഴിവാണ് ക്രുനാലിനെ മികവുറ്റ ഓള്‍റൗണ്ടറാക്കുന്നത്.