രണ്ട് കുപ്പി വൈനിനു വേണ്ടി റൊണാൾഡോ ചെലവാക്കിയത് 25 ലക്ഷം രൂപ; ഒരു കുപ്പി വൈൻ കുടിച്ചതുമില്ല

ഇതിഹാസതാരവും കളിക്കളത്തിലെ മിന്നും താരമൊക്കെയാണെങ്കിലും കളത്തിനു പുറത്ത് റൊണാൾഡേയ്ക്ക് അത്ര നല്ല കാലമൊന്നുമല്ല. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലിൽവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കൻ യുവതിയുടെ ആരോപണം റൊണാൾഡോയ്ക്ക് തലയ്ക്കേറ്റ പ്രഹരമായിരുന്നു. യുഎസിൽനിന്നുള്ള കാതറിൻ മൊയോർഗയെന്ന മുപ്പത്തിനാലുകാരിയാണ് 2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. 

സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാൾഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു.ആരോപണം തളളാതെ പരസ്പരസമ്മതോടെയുളള ബന്ധമെന്ന് പറഞ്ഞൊഴിഞ്ഞ താരത്തിന് കരീയറിലും വൻ തിരിച്ചടികൾ ഉണ്ടായി. കാര്യമായ പിന്തുണ കായിക ലോകത്തു നിന്ന് ലഭിച്ചതുമില്ല. പീഡന ആരോപണങ്ങളും ഫുട്ബോൾ ലീക്സ് വെളിപ്പെടുത്തലുകളും താരത്തെ ബാധിച്ച മട്ടില്ല കാമുകിയായ ജോര്‍ജീന റോഡ്റിഗസിനും മകനുമൊപ്പം ലണ്ടനിൽ അവധിക്കാലം ചെലവഴിക്കുകയാണ് താരം. 

ലണ്ടൻ സന്ദർശനത്തിനിടെ വീണ്ടും റൊണാൾഡോ വാർത്തകളിൽ ഇടം പിടിച്ചു.രണ്ട് കുപ്പി വൈനിനു വേണ്ടി  27,000 പൗണ്ട് ചെലവഴിച്ചതും വാർത്തയായി. 25 ലക്ഷം രൂപയാണ് രണ്ട് കുപ്പി വൈനിനു വേണ്ടി മാത്രം റൊണാൾഡോ മുടക്കിയത്. ലോകത്തിലെ ഏറ്റവും വില കൂടിയ വൈനായ റിച്ചെബോഗ് ഗ്രാന്‍ഡ് ക്രു 18,000 പൗണ്ട് നല്‍കിയാണ് റൊണാൾഡോ വാങ്ങിയത്. 

പോമെറോള്‍ പെട്രസ് (1982 Pomerol Petrus) എന്ന വൈനിന് 9000 പൗണ്ടും റൊണാൾഡോ ചെലവാക്കി. നിരവധി സെലിബ്രിറ്റികളുടെ സ്ഥിരം കേന്ദ്രമായ  മേഫൈറിലുളള സ്കോട്ട് റെസ്റ്റോറന്റില്‍ നിന്നാണ് റൊണാൾഡോ വൈൻ വാങ്ങിയത്. മകളായ അലാന മാർട്ടിനയുടെ ഒന്നാം പിറന്നാൾ‌ ആഘോഷിക്കനാണ് റൊണാൾഡോ കുടുംബസമേതം ലണ്ടനിൽ എത്തിയത്. വാങ്ങിയ വൈനിന്റെ രണ്ടാമത്തെ ബോട്ടില്‍ പൂര്‍ണമായും കുടിക്കാതെയാണ് കുടുംബം റെസ്റ്റോറന്റ് വിട്ടതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.