ചുണയുണ്ടെങ്കിൽ ഭർത്താവിനെ മറികടക്കട്ടെ; റൊണാൾഡോയെ വെല്ലുവിളിച്ച് ഇകാർഡിയുടെ ഭാര്യ

സീസണിൽ ഏഴു ഗോളുകൾ നേടിയ താരം ഇറ്റാലിയൻ ടീമിനു വേണ്ടി മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിന്റെ 61 വർഷം പഴക്കമുള്ള ഗോളടി റെക്കോർഡടക്കം മറികടന്നാണ് താരം ഈ സീസണിൽ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനു വേണ്ടി തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും താരം കണ്ടെത്തിയിരുന്നു.

സീസണിൽ തകർപ്പൻ ഫോമിലാണെങ്കിലും റൊണാൾഡോ ഇകാർഡിയുടെ അത്ര മികച്ചതല്ലെന്നാണ് അർജന്റീനിയൻ താരത്തിന്റെ ഭാര്യ വാൻഡ നറയുടെ അഭിപ്രായം. ഇറ്റാലിയൻ ടിവി പ്രോഗ്രാമായ 'ടിക ടക'യിൽ സംസാരിക്കുമ്പോഴാണ് അവർ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. റൊണാൾഡോയെക്കാൾ മൂന്നു മത്സരം കുറവു കളിച്ചിട്ടും ഗോളുകളുടെ എണ്ണത്തിൽ സീരി എയിൽ റൊണാൾഡോയേക്കാൾ ഒരെണ്ണം മാത്രമേ ഇകാർഡിക്കു കുറവുള്ളുവെന്ന് വാൻഡ നറ പറഞ്ഞു. സീരി എയിൽ റൊണാൾഡോക്ക് ഏഴും ഇകാർഡിക്ക് ആറും ഗോളുകളാണുള്ളത്. ചാംപ്യൻസ് ലീഗിൽ ഇകാർഡിക്ക് 3 ഗോളുകൾ ഉണ്ട്. 9 ഗോളുകളാണ് ഇക്കാർഡി സീസണിൽ വലയിലാക്കിയത്.

മൂന്ന് മത്സരങ്ങളിൽ ഇകാർഡി കളിച്ചിരുന്നില്ല. അത് കളിച്ചിരുന്നെങ്കിൽ മികച്ച നേട്ടം സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്നാണ് വാൻഡ നറയുടെ അഭിപ്രായം. വ്യക്തിഗത നേട്ടങ്ങൾ കൂടുതൽ ലക്ഷ്യം വെക്കുന്ന റൊണാൾഡോയുടെ സ്വഭാവത്തെയാണ് വാൻഡ ഉന്നം വച്ചത്. ഇകാർഡിയുടെ അർജൻറീനിയൻ സഹതാരമായ മെസിയെക്കുറിച്ചും വാൻഡ അഭിപ്രായ പ്രകടനം നടത്തി. ഇരുവരും തമ്മിൽ ഒരു പ്രശ്നങ്ങളുമില്ലെന്നും മികച്ച സുഹൃത്തുക്കളാണെന്നുമാണ് വാൻഡ പറഞ്ഞത്.