കേരളം ഞെട്ടിച്ചു; വീടുപോലെയെന്ന് വിൻഡീസ്; ആദ്യമായി നന്ദി പറഞ്ഞ് ബിസിസിഐയും

അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തിയ വെസ്റ്റ്ഇന്‍ഡീസിനും ഇന്ത്യൻ ടീമിനും ലഭിച്ച സ്വീകരണത്തില്‍ നന്ദി രേഖപ്പെടുത്തി ടീമുകൾ. 'അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് എത്തി, ഇവിടം ഞങ്ങളെ നാടിനെ ഓര്‍മിപ്പിക്കുന്നു' ഇതായിരുന്നു വിന്‍ഡീസിന്റെ ട്വീറ്റ്. അതേസമയം ബി.സി.സി.ഐയും തിരുവനന്തപുരത്തെ സ്വീകരണത്തില്‍ നന്ദി പറഞ്ഞു. ഈ പരമ്പരയില്‍ ഇതാദ്യമായാണ് ബി.സി.സിഐ ഒരു സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ടീമുകളെ ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. രാവിലെ തന്നെ ആരാധകര്‍ വിമാനത്താവളത്തിന് പരിസരത്ത് തമ്പടിച്ചിരുന്നു. ദേശീയ പതാകയുമായായിരുന്നു ആരാധകര്‍ താരങ്ങളെ കാണാനെത്തിയത്. പ്രിയതാരങ്ങള്‍ പുറത്തിറങ്ങിയതോടെ കൈയടികളുയര്‍ന്നു. കോഹ്‌ലിയുടെ നേതൃത്വത്തിലെത്തിയ ടീം അംഗങ്ങള്‍ കോവളത്തെ ഹോട്ടലിലേക്കാണ് വിമാനത്താവളത്തില്‍ നിന്നു പോയത്. കോവളത്തെത്തിയ ടീമുകളെ സ്വീകരിക്കാന്‍ ഹോട്ടലും പരിസരവും തയ്യാറായിരുന്നു. മാലയിട്ട്, വിജയതിലകം ചാര്‍ത്തിയായിരുന്നു താരങ്ങളെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ചെണ്ടമേളങ്ങളും ആര്‍പ്പുവിളികളും ഇവിടെയും ഉണ്ടായിരുന്നു.

പ്രളയദുരിതത്തില്‍ കേരളത്തിന് ഐക്യദാര്‍ഡ്യവുമായി ഇന്‍ഡ്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോഹ്‌ലി രംഗത്തെതി. കേരളം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇവിടം  പൂര്‍ണ സുരക്ഷിതമാണെന്നും ഇന്‍ഡ്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു. കോവളത്തെ കടല്‍ക്കാറ്റേറ്റ് ഹോട്ടല്‍ മുറിയില്‍ പൂര്‍ണ വിശ്രമത്തിലാണ് ഇരുടീമുകളും. 

നവംബര്‍ ഒന്നിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ചാം ഏകദിനം അരങ്ങേറുക. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. വിശാഖപ്പട്ടണത്ത് നടന്ന ഏകദിനം സമനിലയില്‍ കലാശിച്ചിരുന്നു. അതിനാല്‍ തന്നെ തിരുവനന്തപുരത്തും ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ജയിച്ച് പരമ്പര സമനിലയിലാക്കാനാവും വിന്‍ഡീസ് ശ്രമിക്കുക. വിന്‍ഡീസിനെ സംബന്ധിച്ചടത്തോളം നിലവിലെ സാഹചര്യത്തില്‍ അത് പ്രയാസവുമാണ്. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ്.