ലാലിഗയുടെ നേതൃത്വത്തിൽ കേരളത്തിൽ ഫുട്ബോൾ പരിശീലനം

സ്പാനിഷ് പ്രീമിയർ ഫുട്ബോൾ ലീഗായ ലാലിഗയുടെ നേതൃത്വത്തിൽ കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിന് അവസരം. തൃശ്ശൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലനം ഒരുക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന് വളരാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ലാലിഗ ഇന്ത്യ മേധാവി വ്യക്തമാക്കി. 

രാജ്യത്തെ 30 സ്കൂളുകളുമായി കൈകോര്‍ത്താണ് മൂവായിരം വിദ്യാര്‍ഥികള്‍ക്കു പരിശീലനം ഒരുക്കുന്നത്. ഈ സ്കൂളുകള്‍ കണ്ടുവച്ചിട്ടുണ്ട്. ലാലിഗയുടെ പാഠ്യപദ്ധതി അനുസരിച്ചാകും പരിശീലനം. 

പ്രമുഖ താരങ്ങളുമായും പരിശീലകരുമായും കുട്ടികൾക്ക് സംവദിക്കാനും വേദികളൊരുക്കും.ആദ്യ ഘട്ടത്തിൽ വിവിധ ജില്ലകളിലെ പരിശീലന പരിപാടികളിലൂടെയാണ് കുട്ടികളെ കണ്ടെത്തുക. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകും. ഏഴു മുതൽ പതിനേഴു വരെ പ്രായമുള്ളവർക്കാണ് ആദ്യഘട്ട പരിശീലനം. കേരളത്തിലെ പരിശീലന പരിപാടി മന്ത്രി എസി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

ഈ മാസം 27, 28 തീയതികളിൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സൗജന്യ ശില്‍പശാല സംഘടിപ്പിച്ചാണ് സംസ്ഥാനത്തെ പരിശീലനം തുടങ്ങുന്നത്.