കപ്പടിക്കാനൊരുങ്ങി ചെന്നൈയിൻ എഫ് സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആഞ്ചാം സീസണിന് പന്തുരുളാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ, വീണ്ടും കപ്പടിക്കാനൊരുങ്ങുകയാണ് ചെന്നൈയിൻ എഫ് സി. പരിശീലകന്‍ ജോണ്‍ ഗ്രിഗറിക്ക് കീഴില്‍ പ്രതിരോധതാരം മെയ്ല്‍സണ്‍ ആല്‍വേസാണ് ടീമിനെ നയിക്കുന്നത്. മലേഷ്യയില്‍ നടന്ന പ്രീസീസണ്‍ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ടീമിന്റേത്.

കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ് സിയെ അവരുടെ തട്ടകത്തില്‍, രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ച് കപ്പുയര്‍ത്തിയതിന്റെ ത്രില്ല് ഒഴിയാതെയാണ് ചെന്നൈയിന്‍ എഫ് സി പുതിയ സീസണില്‍ ബൂട്ടുകെട്ടുന്നത്. സെപ്റ്റംബര്‍ മുപ്പതിന് ഇരുവരും വീണ്ടു ഏറ്റ്മുട്ടുമ്പോള്‍ മത്സരം പൊടിപാറുമെന്നുറപ്പ്. പരിശീലനങ്ങളെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്നും, ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കോച്ച് ജോണ്‍ ഗ്രിഗറി.

ധനപാല്‍ ഗണേശ്, അനിരുദ്ധ് ഥാപ്പ, റാഫേല്‍ അഗസ്റ്റോ, ഗ്രിഗറി നെല്‍സണ്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെട്ട മികച്ച മധ്യനിരയാണ് ചെന്നൈയിന്റേത്. ഒപ്പം കരുത്ത് കൂട്ടാന്‍, ഇത്തവണ പത്താം നമ്പര്‍ ജേഴ്സിയില്‍ ഇറ്റാലിയന്‍ താരം ആന്ദ്രേ ഒര്‍ലാന്‍ഡിയുമെത്തുന്നുണ്ട് . വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ ആക്രമണം മെനയാന്‍ കഴിയുന്ന ഒര്‍ലാഡിയുടെ സാന്നിധ്യം ശ്രദ്ധേയമാകും. ഇന്ത്യന്‍ താരം ജെജെ ലാല്‍ പെഖ്‌ലുവയാണ് ആക്രമണ നിരയില്‍ പ്രധാനി.