പതിറ്റാണ്ട് നീണ്ട പ്രണയം; കണ്ടുമുട്ടിയത് പരിശീലനത്തിനിടെ; സൈനക്ക് കല്യാണം

ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹിതരാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കശ്യപും സൈനയും വിവാഹത്തിലേക്ക് കടക്കുന്നത്. 

2005 മുതല്‍ പുല്ലേല ഗോപിചന്ദിന് കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. പത്തുവർഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്. വിവാഹവുമായി ബന്ധപ്പെട്ട ആലോചനകൾ ഏറെ നാളായി നടക്കുന്നുണ്ട്. തിയതി തീരുമാനിച്ചത് ഇപ്പോഴാണെന്ന് മാത്രം. 

ലോകത്ത മികച്ച വനിതാ ബാഡ്മിന്റൺ താരങ്ങളിലൊരാളാണ് സൈന. ഇതുവരെ ഇരുപത് പ്രധാന ചാംപ്യൻഷിപ്പുകളിൽ സൈന കിരീടം നേടിയിട്ടുണ്ട്. ഒളിംപിക്സ് വെങ്കലം, ലോക ചാംപ്യൻഷിപ്പ് വെള്ളി ഇങ്ങനെ നീളുന്നു സൈനയുടെ നേട്ടം. നിലവിൽ കൊറിയൻ ഓപ്പണിൽ പങ്കെടുത്ത് മുന്നേറുകയാണ് താരം. 

ഒരുകാലത്ത് ലോക റാങ്കിംഗിൽ ആറാമതെത്തിയ താരമാണ് പി കശ്യപ്. എന്നാൽ വില്ലനായി പരുക്ക് എത്തിയതോടെ കാര്യമായ നേട്ടങ്ങളില്ലാതെ കശ്യപിന്റെ കരിയർ മങ്ങി. 

കോമണ്‍വെൽത്ത് ഗെയിംസിലെ സ്വർണനേട്ടത്തിന് പിന്നാലെ കശ്യപ് നൽകുന്ന പിന്തുണയെക്കുറിച്ച് സൈന സംസാരിച്ചിരുന്നു. 

ഡിസംബർ 16നാണ് വിവാഹം. ഡിസംബർ 21നാകും വിവാഹസത്ക്കാരചടങ്ങുകൾ നടക്കുക.