സൂപ്പർ ഫോറിൽ നേർക്കുനേർ; വീണ്ടുമൊരു ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം

ഏഷ്യ കപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം . സൂപ്പര്‍ ഫോറില്‍ രണ്ടാം ജയം തേടിയാണ് ഇരുടീമുമിറങ്ങുന്നത്. മറ്റൊരു മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശിനെ നേരിടും. ആദ്യമല്‍സരത്തില്‍ പരാജയപ്പെട്ട ഇരുടീമുകള്‍ക്കും  മല്‍സരം നിര്‍ണായകമാണ്. 

സെഞ്ചുറി നേടി ശിഖര്‍ ധവാന്‍, അര്‍ധസെഞ്ചുറികളുമായി ഹിറ്റ്മാന്‍ രോഹിത് . തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ, വിക്കറ്റുവീഴ്ത്താന്‍ മല്‍സരിക്കുന്ന ബൗളര്‍മാര്‍. ഇതുവരെയുള്ള പ്രകടനത്തിന്റെ കണക്കില്‍ കരുത്തും സാധ്യതയും ഇന്ത്യയ്ക്ക് തന്നെ. അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം മതിയാകില്ല പാക്കിസ്ഥാന് ഇന്ത്യയെ മറികടക്കാന്‍. കഴിഞ്ഞ മല്‍സരങ്ങളില്‍ പരാജയമായ മുഹമ്മദ് ആമിറിനെയും ഹസന്‍ അലിയെയും മാറ്റി  ഷഹീന്‍ അഫ്രീദിക്കും ജുനൈദ് ഖാനും പാക്കിസ്ഥാന്‍  അവസരം നല്‍കിയേക്കും. 

പാക്കിസ്ഥാനെ വിറപ്പിച്ച് കീഴടങ്ങിയ അഫ്ഗാനിസ്ഥാനും ഇന്ത്യയോട് തകര്‍ന്നടിഞ്ഞ ബംഗ്ലദേശിനും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഫ്ഗാനിസ്ഥാനായിരുന്നു ജയം. വൈകുന്നേരം അഞ്ചുമണിക്കാണ് രണ്ടുമല്‍സരങ്ങളും. സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ടുസ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഫൈനലിന് യോഗ്യതനേടും.