സഹതാരത്തിന്റെ മുഖത്ത് തുപ്പി കോസ്റ്റ; മാപ്പ് പറഞ്ഞ് തടിയൂരാൻ താരത്തിന്റെ ശ്രമം: വിഡിയോ

ഇറ്റാലിയന്‍ ലീഗില്‍ സാസുവോളോ താരം ഫെഡെറിക്കോ ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരാൻ യുവൻറസ് താരം ഡഗ്ലസ് കോസ്റ്റയുടെ ശ്രമം. കോസ്റ്റയ്ക്കെതിരെ അച്ചടക്ക നടപടി വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നീക്കം. മത്സരം തീരാൻ മിനിട്ടുകൾ മാത്രം ബാക്കിയുളളപ്പോഴാണ് ഫുട്ബോൾ ലോകത്തിന് നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്. 

സാസുവോള മത്സരത്തിൽ ആശ്വാസ ഗോൾ നേടിയതിനു തൊട്ടു മുൻപ് തന്നെ ഫൗൾ ചെയ്തതിനു മറുപടിയായി കോസ്റ്റ ഫ്രാൻസിസ്കോയെ മുട്ടു കൊണ്ട് മുഖത്ത് ഇടിച്ചു. മുഖത്ത് ഇടിച്ചതിനു തൊട്ടുപിന്നാലെ മഞ്ഞക്കാർഡ് വാങ്ങിയ താരം പിന്നിട്ട് ഫ്രാൻസിസ്കോയുമായി തർക്കത്തിൽ ഏർപ്പെട്ടു. കളി കൈവിട്ടതോടെ കോസ്റ്റ് താരത്തിനെ തല കൊണ്ട് ഇടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. മെയിൻ റഫറിയുടെ കണ്ണിൽപ്പെടാത്ത കാഴ്ച വിഡിയോ റഫറിയാണ് കണ്ടത്. ഉടനെ ഇടപെടൽ വന്നു. കോസ്റ്റയ്ക്ക് ചുവപ്പുകാർഡ്. 

കോസ്റ്റയുടെ പ്രവൃത്തിയെ അപലപിച്ച് യുവൻറസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയും രംഗത്തു വന്നു.  ഇത്തരം പ്രകോപനങ്ങൾക്കു വഴങ്ങാതിരിക്കുകയാണ് ഒരു താരം പ്രധാനമായും ചെയ്യേണ്ടതെന്ന് യുവൻറസ് പരിശീലകൻ അറിയിച്ചു. മുഖത്തു തുപ്പിയതിന്റെ പേരിൽ മൂന്നു മാസത്തോളം ബ്രസീലിയൻ താരത്തിനു വിലക്കു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. അതേ സമയം സംഭവത്തിൽ മാപ്പു പറഞ്ഞ് ബ്രസീലിയൻ താരം രംഗത്തെത്തി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ക്ഷമാപണം നടത്തിയത്. എന്നാൽ സാസുവോള താരത്തോട് കോസ്റ്റ ക്ഷമാപണം നടത്തിയില്ല. 'ചെയ്‌ത തെറ്റിന് യുവന്‍റസ് ആരാധകരോട് മാപ്പ് ചോദിക്കുന്നു. സഹതാരങ്ങളോടും മാപ്പ് പറയുന്നു. മോശം കാര്യമാണ് ചെയ്തത് എന്ന് മനസിലാക്കുന്നു, അതിനാല്‍ ഏവരോടും മാപ്പ് ചോദിക്കുകയാണെന്ന്' കോസ്റ്റ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു

സീസണില്‍ യുവന്‍റസിലേക്ക് ചേക്കേറിയ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗിലെ ആദ്യ ഗോള്‍ നേടിയ മത്സരത്തിലാണ് കോസ്റ്റ് തുപ്പല്‍ കൊണ്ട് കുപ്രസിദ്ധി നേടിയത്.