33 കുപ്പി ബിയർ; കുക്കിന് മാധ്യമങ്ങൾ നൽകിയ അപൂർവ്വസമ്മാനം

രാജ്യാന്തര ക്രിക്കറ്റിനോട് വിട പറയുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന് അപൂർവ്വസമ്മാനം നൽകി മാധ്യമങ്ങൾ. ഓവലിലെ അവസാന ടെസ്റ്റിൽ സെഞ്ചുറിയടിച്ച് വാർത്താസമ്മേളനത്തിനെത്തിയ കുക്കിനെ കാത്തിരുന്നത് മാധ്യമപ്രവര്‍ത്തകരൊരുക്കിയ ഈ സർപ്രൈസ് ആയിരുന്നു. 

33 കുപ്പി ബിയറാണ് മാധ്യമങ്ങൾ കുക്കിനായി കരുതിവെച്ചത്. ബിയറിനോടുള്ള കുക്കിന്റെ സ്നേഹം നന്നായറിയാവുന്ന മാധ്യമപ്രവർത്തകരിലൊരാളാണ് സർപ്രൈസ് സമ്മാനം ആസൂത്രണം ചെയ്തത്. 33 മാധ്യമപ്രവർത്തകർ കുക്കിന് നൽകിയ സന്ദേശങ്ങളും ഈ കുപ്പികളില്‍ ഉൾപ്പെടുത്തിയിരുന്നു. 

മാധ്യമങ്ങളോട് വളരെ പ്രൊഫണൽ സമീപമായിരുന്നു കുക്കിന്റേതെന്ന് മാധ്യമപ്രവർത്തകർ ഒന്നടങ്കം പറഞ്ഞു. 

വിടവാങ്ങൽ പ്രസംഗത്തിൽ മാധ്യമങ്ങൾക്ക് കുക്ക് നന്ദി പറഞ്ഞു. 

അവസാന ടെസ്റ്റിൽ ഓവലിൽ ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർത്താണ് കുക്കിന്റെ മടക്കം. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്കോററായ കുക്ക്, മൊത്തം താരങ്ങളിൽ അഞ്ചാം സ്ഥാനത്തുണ്ട്.

അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം, അരങ്ങേറ്റ, വിരമിക്കൽ ടെസ്റ്റുകളുടെ രണ്ട് ഇന്നിങ്സിലും അൻപതിനു മുകളിൽ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരം, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇടംകയ്യൻ താരം, ആകെ റൺനേട്ടത്തിൽ അ‍‍ഞ്ചാമതുള്ള താരം, ഏറ്റവും കൂടുൽ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്ന നാലാമത്തെ താരം, ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം തുടങ്ങി എന്നെന്നും ഓർമിക്കാൻ ഒരുപിടി റെക്കോർഡുകളാണ് ഓവലിൽ കുക്ക് സ്വന്തമാക്കിയത്.