പുരസ്കാരത്തിനർഹൻ, എന്നിട്ടും! ഫിഫ പട്ടികയിലില്ല; പ്രതിഷേധിച്ച് ഗ്രീസ്മാൻ

മികച്ച ഫുട്ബോളർക്കുള്ള ഫിഫ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിൽ നിന്നൊഴിവാക്കിയതിൽ പ്രതിഷേധിച്ച് ഫ്രാൻസ് താരം അന്റോയിൻ ഗ്രീസ്മാൻ. പട്ടികയിൽ ലോകകപ്പ് നേടിയ ടീമിലെ ഒരു താരം പോലുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഗ്രീസ്മാൻ പറഞ്ഞു.

ഇത് ഫിഫ തന്നെ തരുന്ന പുരസ്കാരമാണോ എന്നായിരുന്നു ഗ്രീസ്മാന്റെ പരിഹാസരൂപേണയുള്ള ചോദ്യം. യുവേഫയുടെ മികച്ച കളിക്കാരനുള്ള പട്ടികയിലും ഗ്രീസ്മാനുണ്ടായിരുന്നില്ല. ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. 

ഇവർ തന്നെയായിരുന്നു യുവേഫയുടെ അന്തിമ പട്ടികയിലും. 

ഫിഫ പുരസ്കാരത്തിൽ നിന്ന് തഴഞ്ഞെങ്കിലും ബാലൺ ദി ഓർ പുരസ്കാരത്തിന് ഇത്തവണ താൻ അർഹനാണെന്ന് ഗ്രീസ്മാൻ പറഞ്ഞു.

''2016ൽ കളിച്ച രണ്ട് ഫൈനലുകളിൽ ഞാൻ തോറ്റിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം സ്ഥാനത്തായിപ്പോയതിൽ വിഷമമില്ല.എന്നാൽ ഇത്തവണ ഒന്നാം സ്ഥാനത്തിനുള്ള എല്ലാ അർഹതയും തനിക്കുണ്ട്'', ഗ്രീസ്മാൻ പറയുന്നു.

കളിച്ച മൂന്ന് ഫൈനലുകളിൽ മൂന്നും ജയിച്ചു. ടീമിന് നിർണായക സംഭാവനകൾ നൽകി. ബാലൺ ഡി ഓറിനായി എനിക്കല്ലാതെ മറ്റാർക്കാണ് മാധ്യമപ്രവർത്തകർ വോട്ടുചെയ്യുക? പുരസ്കാരത്തിനായി ഇതിൽക്കൂടുതൽ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കറിയില്ലെന്നും വികാരാധീനനായി ഗ്രീസ്മാൻ പറഞ്ഞു. 

2018ലെ ലോകകപ്പ് നേട്ടത്തിൽ ഫ്രാൻസിന്റെ നിർണായക താരങ്ങളിലൊരാളായിരുന്നു ഗ്രീസ്മാ‍ൻ.