മകളുടെ സ്വർണക്കുതിപ്പ്; വാവിട്ടുകരഞ്ഞ് ഒരമ്മ; വിഡിയോ

ഹെപ്പാത്തലോണിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ വനിതാതാരമാണ് സ്വപ്ന ബർമാൻ. പ്രതിസന്ധികളെ അതിജീവിച്ച് മകൾ സ്വർണത്തിലേക്ക് കുതിക്കുമ്പോൾ വാവിട്ടുകരയുകയായിരുന്നു സ്വപ്നയുടെ അമ്മ.

സ്വപ്നയുടെ പ്രകടനം കാണാൻ അടുത്ത ബന്ധുക്കളെല്ലാം ബംഗാളിലെ  ജാല്‍പായ്ഗുരിയിലെ കൊച്ചുവീട്ടിലെത്തിയിരുന്നു. കൈകള്‍ കൂപ്പി പ്രാർഥനയുടെ നിമിഷങ്ങൾ. ഒടുവില്‍ സ്വർ‌ണം നേടിയപ്പോൾ ആഹ്ലാദം, കയ്യടി. 

എന്നാൽ സ്വപ്നയുടെ അമ്മ വാവിട്ടുകരഞ്ഞു. ഒടുവിൽ കണ്ടിരിക്കാൻ കഴിയാതെ ടിവിക്കുമുന്നിൽ നിന്നുമെഴുന്നേറ്റ് പോയി. 

വിരേന്ദർ സെവാഗുൾപ്പെടെ നിരവധി പേർ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. 

6026 എന്ന മികച്ച വ്യക്തിഗത സ്കോർ നേടിയാണ് സ്വപ്നയുടെ സ്വർണനേട്ടം. ഹൈജംപിൽ 1003 പോയിന്റ്, ജാവലിൻ ത്രോയിൽ 872 പോയിന്റ്, ഷോട്ട്പുട്ടിൽ 707, ലോങ് ജംപില്‍ 865 എന്നിങ്ങനെയാണ് സ്വപ്നയുടെ നേട്ടം. 

100 മീറ്ററിൽ 981 പോയിന്റും 200 മീറ്ററിൽ 790 പോയിന്റുമാണ് സ്വപ്ന നേടിയത്. 

നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നയുടെ സ്വർണനേട്ടം. പന്ത്രണ്ട് വിരലുകളുള്ള സ്വപ്ന കടുത്ത വേദന സഹിച്ചാണ് പരിശീലനം നടത്തുന്നത്. 

സ്വർണനേട്ടത്തിന് പിന്നാലെ സ്വപ്ന മുന്നോട്ടുവെച്ച ഒരേയൊരു ആവശ്യവും അതുതന്നെ.

''എന്റെ പന്ത്രണ്ട് വിരലുകൾക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണം''

ഓട്ടോറിക്ഷ ഡ്രൈവറാണ് അച്ഛൻ. അമ്മ വീട്ടമ്മയും. സ്വര്‍ണമെഡലുമായി മകൾ വീടെത്തുന്നതും കാത്തിരിക്കുകയാണിവർ.