ഒന്നും ചെയ്യാതെ ആദിൽ റഷീദിന് റെക്കോർഡ്; ലക്ഷങ്ങൾ നേടി ഇംഗ്ലീഷ് താരം

മികച്ച താരമാണ് ആദിൽ റഷീദ്. ഇംഗ്ലണ്ട് പലപ്പോഴും പുറത്തെടുക്കുന്ന വജ്രായുധം. ലെഗ് സ്പിന്നർ ആദിൽ റഷീദ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് വൻ നേട്ടങ്ങളുടെ പേരിലല്ല, ഒന്നും ചെയ്യാതിരുന്നതിന്റെ പേരിലാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ റെക്കോർഡ് നേടുന്ന പതിനാലാമത്തെ താരമാണ് ആദിൽ റഷീദ്. 

ഒരു പന്ത് പോലും എറിയാതെ ബാറ്റിങ്ങിന് ഇറങ്ങാതെ ഒരു ക്യാച്ചു പോലും എടുക്കാതെ റൺ ഔട്ടിൽ പങ്കാളിയാകാതെ ഒരു ടെസ്റ്റ് മത്സരം ആദിൽ പൂർത്തിയാക്കുകയായിരുന്നു. ഇതിന് മുമ്പ് ഓഫ് സ്പിന്നർ ഗരെത് ബാറ്റിയാണ് ഇത്തരത്തിലൊരു ടെസ്റ്റ് മത്സരം പൂർത്തിയാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലിഷ് പേസ് പടയ്ക്കു മുന്നിൽ പൊരുതാതെ കീഴടങ്ങിയതോടെയാണ് സ്പിന്നറായ റഷീദിന് ബോൾ ചെയ്യാൻ അവസരം ലഭിക്കാതെ പോയത്. 

രണ്ടാം ടെസ്റ്റിൽ സ്പിന്നറായി ആദിൽ മാത്രമേ ഉണ്ടായിരുന്നുളളു. പേസ് ബൗളർമാർക്കു മുന്നിൽ മുട്ടിടിച്ചു ഇന്ത്യ വീണതോടെ റഷീദിന് ഒന്നും ചെയ്യേണ്ടി വന്നതുമില്ല.  മറ്റു താരങ്ങൾക്കു ലഭിച്ചതുപോലെ ആദിൽ റഷീദിനും ഈ മൽസരത്തിൽനിന്ന് പത്തു ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിക്കും. 

ഇന്ത്യ തോറ്റ എ‍ജ്ബാസ്റ്റൻ ടെസ്റ്റിൽ റഷീദ് ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയിരുന്നു. ഒന്നാം ഇന്നിങ്സിൽ 13 റൺസും രണ്ടാം ഇന്നിങ്സിൽ 16 റൺസും നേടിയ റഷീദ്, മൽസരം ഇന്ത്യയിൽനിന്നകറ്റിയ രണ്ടാം ഇന്നിങ്സിലെ അർധസെഞ്ചുറി കൂട്ടുകെട്ടിൽ സാം കറനൊപ്പം പങ്കാളിയാവുകയും ചെയ്തു. ഈ മൽസരത്തിൽ 40 റൺസ് വഴങ്ങി റഷീദ് മൂന്നു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ അഞ്ചിന് 131 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും ആറാം വിക്കറ്റിൽ ക്രിസ് വോക്സ്–ജോണി ബെയർസ്റ്റോ സഖ്യം 189 റൺസ് കൂട്ടുകെട്ട് തീർത്തതോടെ വാലറ്റത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ജോണി ബെയർസ്റ്റോയ്ക്ക് പിന്നാലെ വോക്സിനൊപ്പം സാം കറനും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് പുറത്തായതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു.

ഫീൽഡിങ്ങിൽ ആദിലിന്റെ സ്ഥാനം ബൗണ്ടറി ലൈനിരികിലായിരുന്നു. ക്യാച്ചിനും റൺഔട്ടിനുമുളള അവസരവും വിരളമായിരുന്നു. ആദിലിന്റെ ഊഴമെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ജോ റൂട്ട് റൂട്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.