ഏഷ്യൻ കപ്പിലെ യോഗ്യത ഇന്ത്യൻ ഫുട്ബോളിന് ഉണർവേകും; അനസ് എടത്തൊടിക

ഏഷ്യൻ കപ്പ് ഫുട്ബോളിൽ  യോഗ്യത നേടിയത്  ഇന്ത്യൻ ഫുട്ബോളിന് ഉണർവേകുമെന്ന് ദേശീയ ഫുട്ബോൾ താരം അനസ് എടത്തൊടിക. ഇന്ത്യയെ സംബന്ധിച്ച്  ലോകകപ്പിൽ കളിക്കുന്ന അനുഭവമാണ് കൈവരാനിരിക്കുന്നതെന്നും അനസ് എടത്തൊടിക കുവൈത്തിൽ മനോരമ ന്യൂസിനോട് പറഞ്ഞു. 

അടുത്ത വർഷം ജനുവരിയിൽ യു എ ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ മികച്ച കളി പുറത്തെടുക്കുമെന്നു അനസ് എടത്തൊടിക പ്രതീക്ഷ പങ്കുവച്ചു. താരതമ്യേന കരുത്തരായ എതിരാളികൾക്കൊപ്പമുള്ള മത്സരങ്ങൾ മികച്ച അനുഭവമായിരിക്കും. പഴയകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ക്രിക്കറ്റിനോടെന്നപോലെ ഫുട്ബോളിനും  അംഗീകാരം ലഭിച്ചു തുടങ്ങിയത് നല്ല സൂചനയാണെന്നും അനസ്  പറഞ്ഞു.

ഐ‌എസ്‌‌എൽ, കേരള ഫുട്ബോളിന് കരുത്തേകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ മാത്രം 11 മലയാളി താരങ്ങളുണ്ട്. വിവിധ ക്ലബുകളിലായി 20 മലയാളി താരങ്ങളാ‍ണ് ഐ‌എസ്‌എല്ലിൽ കളിക്കുന്നത്. അത് നിസാര കാര്യമല്ല. കേരള ഫുട്ബോളിൻ‌റെ വളർച്ചയിൽ ഐ‌എസ്‌എൽ നൽകുന്ന സംഭാവന വളരെ വലുതാണെന്നും അനസ് പറഞ്ഞു. കേരളത്തിൽ പലയിടങ്ങളിലായി ഫുട്ബോൾ അക്കാദമികൾ  തുടങ്ങി. പരിശീലനം നേടുന്ന 100 കുട്ടികളിൽ രണ്ടുപേരെങ്കിലും മികവ് തെളിയിച്ചാൽ ഭാവിയിൽ കേരള ഫുട്ബോളിന് അതിൻ‌റെ ഗുണം ലഭിക്കും.

കെഫാക്-യൂണിമണി ഫുട്ബോൾ ടൂർണമെൻറ്  ഉദ്ഘാടനത്തിനായാണ്  അനസ് കുവൈത്തിൽ എത്തിയത് .