കൊച്ചിയിൽ ഇനി ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ പോരാട്ടം

ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനൊരുങ്ങി കൊച്ചി. ആദ്യമല്‍സരത്തില്‍ നാളെ കേരളാ ബ്ലാസ്റ്റേഴ്സ്, ഓസീസ് വമ്പന്‍മാരായ മെല്‍ബണ്‍ സിറ്റിയെ നേരിടും. ടീം മികച്ച ആത്മവിശ്വാസത്തിലാണെന്ന് ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടിക. ലോകോത്തര ടീമുകള്‍ കൊച്ചിയില്‍ പന്തുതട്ടുന്നു. മഞ്ഞയില്‍ കുളിക്കാന്‍ കലൂര്‍ സ്റ്റേഡിയം ഒരുങ്ങി. മെല്‍ബണ്‍ സിറ്റിയെ നേരിടാന്‍ ബ്ലാസ്റ്റേഴ്സും തീവ്ര പരിശീലനത്തിലാണ്. മുഖംമിനുക്കിയാണ് ആതിഥേയരുടെ നില്‍പ്പ്. പതിവ് സൂപ്പര്‍ താരങ്ങളില്ല, ഇത്തവണ കേരളാ ടീമിന്റെ കരുത്ത് മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളാണ്. അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും അടങ്ങുന്ന പ്രതിരോധം, സി.കെ വിനീതിന്റെ നേതൃത്വത്തിലുള്ള ആക്രമണം. ലോകത്തെ മുന്‍നിര ക്ലബുകളെ നേരിടുന്നതിന്റെ നേരിയ സമ്മര്‍ദമുണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക്. 

ആദ്യമായി ബ്ലാസ്റ്റേഴ്സിനൊപ്പം പന്തുതട്ടുന്നതിന്റെ ആവേശവും സന്തോഷവും അനസ് മറച്ചുവച്ചില്ല.കടുത്ത മല്‍സരമായിരിക്കും പ്രീ സീസണിലേതെന്നും അനസ് പറഞ്ഞു. പനമ്പള്ളി നഗറിലെ സ്കൂള്‍ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെയും മെല്‍ബണ്‍ സിറ്റിയുടെയും പരിശീലനം. കരുത്തന്മാരോട് മല്‍സരിക്കുമ്പോഴും ജയത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ല ബ്ലാസ്റ്റേഴ്സിന്.