പുതിയ കോച്ചെത്തി;വെംഗർ ടച്ച് ഇനിയില്ല; അടിമുടി മാറ്റത്തിനൊരുങ്ങി ആഴ്സണൽ

പുതിയ പരിശീലകന്റെ കീഴില്‍ അഴിച്ചുപണിക്കൊരുങ്ങി ഇംഗ്ലീഷ് ക്ലബ് ആര്‍സനല്‍. ഡാനി വെല്‍ബാക്ക് അടക്കം പ്രമുഖ താരങ്ങളുമായുള്ള കരാര്‍  പരിശീലകന്‍ യൂറി എമറി അവസാനിപ്പിക്കുമെന്നാണ് സൂചനകള്‍ .

ആര്‍സനലിന്റെ വെംഗര്‍ ടച്ച് പൂര്‍ണമായും മായ്ച്ചുകളയാന്‍ ഒരുങ്ങുകയാണ് പുതിയ പരിശീലകന്‍ യൂറി എമറി. യുണൈറ്റഡില്‍ നിന്ന് ആര്‍സീന്‍ വെംഗര്‍ ടീമിലെത്തിച്ച ഡാനി വെല്‍ബാക്കാണ് ആദ്യം പുറത്തേക്ക്. കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഓസ്പിന, നാച്ചോ മൊന്‍‍റിയല്‍, ഷ്കോഡ്രന്‍ മുസ്താഫി, പീറ്റര്‍ ചെക്ക്, കാള്‍ ജെന്‍കിന്‍സന്‍,ലൂക്കാസ് പെരസ് എന്നിവരെ ആര്‍സനല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ആര്‍സന്‍ അക്കാദമിയില്‍ കളിച്ചുവളര്‍ന്ന ജാക് വില്‍ഷെയറിനെ വെസ്റ്റ്ഹാം യുണൈറ്റഡിലേക്കും സാന്റി കര്‍സോളയെ വിയ്യാറയലിനും സൗജന്യമായി നല്‍കി. മുന്‍ പി എസ് ജി പരിശീലകനായ എമറിയുടെ ഇഷ്ടഫോര്‍മേഷന്‍ 4–3–3–ആണ്. കരുത്തരായ വിങ്ങര്‍മാരടെ സാന്നിധ്യം ആവശ്യമുള്ള ഫോര്‍മേഷനു വേണ്ട താരങ്ങള്‍ ആര്‍സനലിലില്ല.

ഒരു വിങ്ങര്‍ അടക്കം രണ്ടുതാരങ്ങള്‍ ട്രാന്‍സ്ഫര്‍ കാലം അവസാനിക്കും മുമ്പ് ആര്‍സനലിലെത്തും. പ്രതിരോധനിര താരങ്ങളായ സോക്രടിസ് പാപ്പസ്റ്റാതോപോലോസ്, സ്റ്റീഫന്‍ ലിച്ച്സ്റ്റീനര്‍ , ഗോള്‍കീപ്പര്‍ ബേര്‍ഡ് ലിനോ മി‍ഡ്ഫീല്‍ഡര്‍ ലൂക്കാസ് ടൊറീറ അടക്കം അ‍ഞ്ചുതാരങ്ങളെ ഇതുവരെ എമറി എമറേറ്റ്സിലെത്തിച്ചു .