ആരാധകരോട് എങ്ങനെ പെരുമാറണം? കോഹ്‍ലിയെ കണ്ട് പഠിക്കൂ; വൈറലായി വിഡിയോ

നിലവിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആര് എന്ന കാര്യത്തിൽ തർക്കമില്ല, അത് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക് തന്നെയാണ്. തന്റെ തകർപ്പൻ ബാറ്റിംഗിലൂടെയാണ് ഇന്ത്യുയുടെ 'റൺ മെഷിൻ' ആരാധക ഹൃദയം കീഴടക്കിയത്. നാട്ടിലാണെങ്കിലും വിദേശ പര്യടനത്തിലാണെങ്കിലും ആരാധകരുമായി ഇടപഴകാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ഇതാണ് കോഹ്‍ലിയെ 'സ്പെഷ്യൽ' ആക്കുന്നതും. 

ഇപ്പോൾ അത്തരത്തിൽ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനായി ലീഡ്സിൽ നിന്നും ഹെഡിങ്‍ലി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനെ കാണാൻ ആരാധകർ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരു ആരാധിക ഇറങ്ങിവരുന്ന താരങ്ങളെയെല്ലാം ഓട്ടോഗ്രാഫിനായി സമീപിക്കുന്നുമുണ്ട്. മഹേന്ദ്ര സിങ് ധോണിയടക്കമുള്ള താരങ്ങൾ ഇവരെ ശ്രദ്ധിച്ചില്ല. എല്ലാവരും തിരക്കിട്ട് ബസിൽ കയറാൻ പോകുകയായിരുന്നു. അപ്പോഴാണ് കോഹ്‍ലിയുടെ വരവ്. ചെവിയിൽ ഇയർഫോണും വച്ച് അശ്രദ്ധനായാണ് താരം പുറത്തേക്കിറങ്ങുന്നത്. വിരാട് കോഹ്‍ലി എന്ന് ആരാധകർ വിളിക്കുന്നുണ്ട്. പുറത്തേക്കു വന്ന താരം നേരെ ആരാധികയുടെ അടുത്ത് ചെന്ന് നീട്ടിവച്ച ഡയറിയിൽ ഓട്ടോഗ്രാഫ് നൽകി മടങ്ങി. ഒരു ഉറപ്പും ഇല്ലാതെയാണ് അവർ ഇന്ത്യൻ നായകന് നേരെയും ഓട്ടോഗ്രാഫിനായി ഡയറി നീട്ടിയത്. ബിസിസിഐയാണ് ഇതിന്റെ വിഡിയോ അവരുടെ ട്വിറ്റർ പേജിലൂടെ ഷെയർ ചെയ്തത്. എന്തായാലും വിഡിയോ വൈറലായിരിക്കുകയാണ്. 

ആരാധകരോടുള്ള കോഹ്‍ലിയുടെ ഈ സമീപനം പുതിയ കാര്യമല്ല. 2018 ഐപിഎൽ വേളയിൽ ഹോട്ടലിന് മുന്നിൽ തന്നെ കാത്തിരുന്ന നാലു കുട്ടികളോട് കോഹ്‍ലി സംസാരിക്കുന്നതിന്റെയും ഓട്ടോഗ്രാഫ് നൽകുന്നതിന്റെയും വിഡിയോ പുറത്തു വന്നിരുന്നു. കോഹ്‍ലി തന്നെയാണ് ഈ വിഡിയോ ട്വിറ്ററിലൂടെ പങ്കു വച്ചത്. ആത്മവിശ്വാസമുള്ള കുട്ടികള കാണുന്നത് സന്തോഷം നൽകുന്നുവെന്നായിരുന്നു അന്ന് പോസ്റ്റിന് അടിക്കുറിപ്പായി താരം കുറിച്ചത്.