നെഞ്ചുതകർന്ന് മടങ്ങുമ്പോഴും സ്റ്റേഡിയം വൃത്തിയാക്കാൻ അവർ മറന്നില്ല; ജപ്പാന് കയ്യടി

ലോകകപ്പിലെ ആവേശമേറിയ പോരാട്ടത്തിനൊടുവിലാണ് ബെൽജിയം ജപ്പാനെ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നത്. നെഞ്ചുതകർന്ന ജപ്പാൻ ആരാധകരുടെ ഗാലറിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെയും കരയിപ്പിച്ചു. എന്നാൽ സങ്കടത്തോടെ മടങ്ങുമ്പോഴും സ്റ്റേഡിയം വൃത്തിയാക്കാൻ അവർ മറന്നില്ല. 

ഒരുഘട്ടത്തിൽ ജയിച്ചെന്ന് കരുതിയ മത്സരമാണ് ജപ്പാന് കൈവിട്ടുപോയത്. ആ വേദനക്കിടയിലും മടങ്ങുംമുൻപ് അവർ ഓടിനടന്ന് സ്റ്റേഡിയം വൃത്തിയാക്കി. ഇത് ജപ്പാൻറെ സംസ്കാരമാണ്. കളി കഴിഞ്ഞ് സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻകാരുടെ ശീലം മുൻപും ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ചെറുപ്പം മുതലേയുള്ള ഈ ശീലം ലോകത്തെവിടെ പോയാലും ജപ്പാൻകാർ തുടരും. ജപ്പാൻ ആരാധകരുടെ ഈ നല്ല ശീലത്തിന് ലോകമെമ്പാടുനിന്നും അഭിനന്ദനപ്രവാഹമാണ്. 

രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബെൽജിയം ജപ്പാനെ തകർത്തത്. രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷമായിരുന്നു ജപ്പാൻറെ പിൻവാങ്ങൽ.

ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന പേരുദോഷവുമായാണ് ജപ്പാൻറെ മടക്കം. 2002ലും 2010ലും ഗ്രൂപ്പുഘട്ടം പിന്നിട്ട ജപ്പാൻ, അന്നും പ്രീക്വാർട്ടറിൽ കീഴടങ്ങി.