ജൂതന്‍മാര്‍ക്കെതിരെ പാട്ട്; ഇംഗ്ലീഷ് ആരാധകര്‍ക്ക് ടീമിന്റെ മല്‍സരങ്ങള്‍ കാണുന്നതിന് വിലക്ക്

രണ്ട് ഇംഗ്ലീഷ് ആരാധകര്‍ക്ക് ഇംഗ്ലണ്ട് ടീമിന്റെ മല്‍സരങ്ങള്‍ കാണുന്നതിന് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യയില്‍ മല്‍സരശേഷം ജൂതന്‍മാര്‍ക്കെതിരെ പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന്  ബ്രിട്ടണിലെ ഒരുകോടതിയാണ് ഇരുവരേയും വിലക്കിയത്.

ഇംഗ്ലണ്ട് – തുനീസിയ മല്‍സരത്തിനായി റഷ്യയിലെത്തിയപ്പോഴാണ്  ഇരുവരും നാസി ശൈലിയില്‍ ജൂതര്‍ക്കെതിരെ പാട്ടുപാടിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി കോടതി രംഗത്തെത്തിയത്. ഡേവിഡ് ബാറ്റി, മൈക്കല്‍ ബേണ്‍സ് എന്നിവര്‍ക്കെതിരെയാണ് നടപടി. 2021 വരെ ഇംഗ്ലണ്ടിന്റെ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിന്റെ 2 മൈല്‍ പരിധിയില്‍ പോലും പ്രവേശിക്കാന്‍ പാടില്ല. ഇനി നടക്കാനിരിക്കുന്ന ലോകകപ്പ് മല്‍സരങ്ങളുടെ ടിക്കറ്റും കൈവശമുണ്ടെങ്കിലും ഇവര്‍ക്ക് പോകാന്‍ കഴിയില്ല. മല്‍സരം നടന്ന വോള്‍ഗോ ഗ്രാഡ് ഏറെ ചരിത്രപ്രധാന്യമുള്ള നഗരമാണ്. രണ്ടാംലോകമഹായുദ്ധത്തില്‍ നാസിപ്പടയെ സോവിയറ്റ് പട്ടാളക്കാര്‍ തുരത്തിയോടിച്ചത് ഈ പട്ടണത്തില്‍ വച്ചായിരുന്നു. ഇവരോടൊപ്പമുള്ള മൂന്നാമത്തെയാള്‍ക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുെട നടപടി ഇംഗ്ലണ്ട് ആരാധകരെ കുറിച്ച് മോശം ധാരണയുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.