'ഞാനാണല്ലേ ഗോളി?' കൗതുകം കൂടി കയറിക്കളിച്ച ന്യൂയർ; കോഴിക്കൂടിന് ചേരുന്ന ഫ്ലക്സ്; ട്രോളുകൾ

ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറിയാണ് ലോകചാംപ്യന്മാരായ ജർമനി ലോകകപ്പിൻറെ ആദ്യറൗണ്ടിൽ പുറത്തായത്. മറുപടിയില്ലാത്ത രണ്ടുഗോളിനാണ് ജർമനിയുടെ തോൽവി. ഒന്നടിച്ച് ജയിക്കാമ‌െന്നുറച്ച് കൊറിയക്ക് അവസാന റൗണ്ടിൽ ജർമനി നൽകിയ ബോണസാണ് രണ്ടാം ഗോൾ. ഒരു ഗോളെങ്കിലും മടക്കിയടിക്കാൻ ഗോൾകീപ്പറും ക്യാപ്റ്റനുമായ മാനുവൽ ന്യൂയർ കയറിക്കളിച്ചു. കൗണ്ടർ അറ്റാക്കിലൂടെ ലഭിച്ച പന്തുമായി പാഞ്ഞ സൺ ഹ്യൂമിൻ കണ്ടത് ഗോളിയില്ലാ പോസ്റ്റ്. ന്യൂയർ നോക്കിനിൽക്കെ ജർമൻ പോസ്റ്റിലേക്ക് ഹ്യൂമിൻറെ ഷോട്ട്. പതനം പൂർത്തിയായ ജർമൻ പടക്ക് ഇതുകണ്ട് പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ.

ഏതായാലും ജർമൻ ടീമിനും ആരാധകർക്കും സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളാണ്. രണ്ടാം ഗോളിന് അനുവദിച്ച ന്യൂയർ തന്നെയാണ് പ്രധാന ഇര. ഗോളിയാണെന്ന് ഒരുനിമിഷം മറന്ന ന്യൂയർ നൽ‌കേണ്ടി വന്ന വില.

തോൽവിയോടെ ജർമനിക്കായി ഉയർന്ന ഫ്ലക്സുകളും പോസ്റ്ററുകളും അനാഥമായിരിക്കുകയാണ്.

മുക്കിലും മൂലയിലുമായി ഫ്ലക്സുകൾ വെച്ച് ആദ്യറൗണ്ട് കഴിയുമ്പോൾ വീട്ടിലെ കോഴിക്കൂടിന് മേൽക്കൂര മേയുന്ന പാരമ്പര്യമല്ല ഞങ്ങളുടേത് എന്നായിരുന്നു ഗീർവാണം. ഈ ഫ്ലക്സ് വെച്ച ജർമൻ ആരാധകൻറെ ഇപ്പോഴത്തെ അവസ്ഥ.