മൂസ തീക്കാറ്റായാൽ അർജന്റീനൻ സ്വപ്നം പൊലിയും; മെസിയോട് അടങ്ങിയിരിക്കാൻ ഇയനച്ചോ

ഐസ്‌ലൻഡ് നൈജീരിയ മത്സരത്തിൽ നൈജീരിയയുടെ വിജയം കൊതിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു അർജന്റീനൻ ആരാധകർ. നൈജീരിയ വിജയിച്ചില്ലെങ്കിൽ നാണം കെട്ട് പുറത്തു പോകാനായിരുന്നു മിശിഹായുടെയും കൂട്ടരുടെ വിധി. അടുത്ത മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്താല്‍ പ്രീ ക്വാർട്ടറിൽ കടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ആരാധകർ. 

മത്സരത്തിനിടയില്‍ മെസ്സിയ്ക്കായി കളി ജയിക്കണം എന്ന് പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ട അര്‍ജന്റീനന്‍ ആരാധകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിുന്നു. പ്രാർത്ഥന പോലെ നൈജീരിയ കളി ജയിച്ചു. എന്നാൽ നൈജീരിയയെ നേരിട്ടു വിജയിക്കുക അൽപ്പം കടുപ്പം തന്നെയാകുമെന്നാണ് നിലവിലിലെ വിലയിരുത്തൽ.  തകർപ്പൻ ഫോമിൽ കളിക്കുന്ന മൂസയും കൂട്ടരും മെസിക്കും കൂട്ടുകാർക്കും ഉയർത്തുന്ന വെല്ലുവിളി നിസാരമല്ലാതാനും. 

ഐസ്‌ലൻഡിനെതിരെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ നേടിയ അഹമ്മദ് മൂസയെ തളച്ചില്ലെങ്കിൽ ദുരന്ത ചിത്രം തന്നെയായി മാറാൻ അർജന്റീനയ്ക്ക് അധികം സമയം വേണ്ടി വരില്ല. 2014 വേൾഡ് കപ്പിൽ അർജന്റീനയെ വെളളം കുടിപ്പിച്ചവനാണ് ഈ മൂസയെന്നതും ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളുകളാണ് അര്‍ജന്റീന വഴങ്ങിയത്. ഇതില്‍ രണ്ടും നൈജീരിയയോടായിരുന്നു. ആ രണ്ട് ഗോളുകളും നേടിയത് മൂസയായിരുന്നു. അതുക്കൊണ്ട് തന്നെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല അര്‍ജന്റീനയ്ക്ക്. നൈജീരിയക്കെതിരെ അന്ന് 3-2നാണ് അര്‍ജന്റീന ജയിച്ചത്.

അർജന്റീനയെ വിറപ്പിച്ച ഐസ്‍ലൻഡ് പ്രതിരോധത്തെ ഛിന്നഭിന്നമാക്കിയ മൂസയും കൂട്ടരും പതിവു  ഫോമിലെത്തിയാൽ ഫൈനൽ സ്വപ്നം മെസിയും കൂട്ടരും നാലായി മടക്കി പെട്ടിയിൽ വയ്ക്കേണ്ടി വരും. ചാരത്തിൽ നിന്ന് ഉയിർത്തു വരാൻ കഴിവുളള മെസിയും കൂട്ടരും അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കുമ്പോഴും നൈജീരിയ ഒരു ദുസ്വപ്്നമായി മുന്നിൽ തന്നെ ഉണ്ടു താനും. 

മെസിക്ക് മുന്നറിയിപ്പുമായി നെജീരിയൻ സ്ട്രൈക്കർ കെലേച്ചി ഇയനച്ചോയും രംഗത്തു വന്നിട്ടുണ്ട്. മെസിയെ ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്കെതിരെയുളള മത്സരത്തിലും അദ്ദേഹം അടങ്ങിയിരുന്നോളുമെന്നും കെലേച്ചി പറയുന്നു. വിജയം അല്ലാതെ മറ്റൊന്നും അർജീന്റീന ആഗ്രഹിക്കുന്നില്ല. തോൽവിയോ അതിനോളം പോന്ന സമനിലയോ അർജന്റീനയ്ക്കോ ആരാധകർക്കോ ചിന്തിക്കാൻ പോലും കഴിയുന്നതല്ലാതാനും.