പ്ലേ ഒാഫ് കാണാതെ പഞ്ചാബും പുറത്ത്; റെയ്നയുടെ മികവിൽ ചെന്നൈക്ക് ജയം

ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ് കിങ്സ് ഇലവന്‍ പഞ്ചാബും പ്ലേ ഒാഫ് കാണാതെ പുറത്ത്. പഞ്ചാബ് തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സ് നാലാം സ്ഥാനക്കാരായി പ്ലേ ഒാഫില്‍ കടന്നു.  പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അവസാന ഒാവറില്‍ മറികടന്നു.

പ്ലേ ഒാഫിലെത്താന്‍ ചെന്നൈയെ വന്‍ മാര്‍ജിനില്‍ മറികടക്കേണ്ടിയിരുന്ന പഞ്ചാബ് തുടങ്ങിയത് തകര്‍ച്ചയോടെ.  മുന്‍നിര എന്‍ഗിഡിയുടെയും ദീപക് ചഹറിന്റെയും വേഗതക്ക് മുന്നില്‍ വീണു. അക്കൗണ്ട് തുറക്കും മുന്നേ ഗെയിലും ഏഴുറണ്‍സെടുത്ത ലോകേഷ് രാഹുലും എന്‍ഗിഡിക്ക് മുന്നില്‍ കീഴടങ്ങി. 

നാലു റണ്‍സുമായി ആരോണ്‍ ഫിഞ്ച് പുറത്തായശേഷം ഒന്നിച്ച മനോജ് തിവാരിയും ഡേവിഡ് മില്ലറും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തിവാരി 35ഉം മില്ലര്‍ 24ഉം റണ്‍സെടുത്ത് പുറത്തായി.

അവസാന ഒാവറുകളില്‍ കരുണ്‍ നായര്‍ പൊരുതിക്കളിച്ചതോടെ പഞ്ചാബ് 154 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ചെന്നൈയെ നൂറില്‍ താഴെ റണ്‍സില്‍ ഒതുക്കി  പ്ലേ ഒാഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിന് ലഭിച്ചത് മികച്ച തുടക്കമാണ്. മോഹിത് ശര്‍മയുടെ ആദ്യ ഒാവറില്‍ അമ്പട്ടി റായിഡു പുറത്ത്.  

ഡുപ്ലിസിസ് 14ഉം  റണ്ണൊന്നുമെടുക്കാതെ ബില്ലിങ്സും 19 റണ്‍സെടുത്ത് ഹര്‍ഭജനും മടങ്ങിയതോടെ പഞ്ചാബിന് പ്രതീക്ഷയായി. വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന റെയ്ന ചെന്നൈ സ്കോര്‍ 100 കടത്തിയതോടെ മല്‍സരം അവസാനിക്കും മുമ്പേ പ്ലേ ഒാഫ് കാണാതെ പഞ്ചാബ് പുറത്ത്. ധോണിയും അര്‍ധസെഞ്ചുറി നേടിയ റെയ്നയും ചേര്‍ന്ന് അവസാന  ഒാവറില്‍ ചെന്നൈയെ വിജയത്തിലെത്തിച്ചു.