'സൂപ്പർമാന് പറ്റുമോ ഇതു പോലെ'; എബിഡിയുടെ മാജിക് ക്യാച്ചിൽ മയങ്ങി ലോകം; വിഡിയോ

എബിഡി നിങ്ങൾ ജ്വാലവിദ്യക്കാരനാണ് ബാറ്റ് കൊണ്ട് വിസ്മയിപ്പിക്കുകയും ഫീൽഡിൽ മാജിക്കൽ ചലനങ്ങൾ കൊണ്ട് അത്ഭുതങ്ങൾ തീർക്കുകയും ചെയ്യുന്ന റിയൽ സൂപ്പർ ഹീറോ. അത് എന്തൊരു ക്യാച്ചായിരുന്നു. വായുവിൽ ചാടി ഉയർന്ന് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി അതുഗ്രൻ ക്യാച്ചിൽ മതിമറന്ന് ഇരിക്കുകയാണ് ക്രിക്കറ്റ് ലോകം. സണ്‍റൈസേഴ്‌സ് താരം ഹെയ്ല്‍സിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സ് നടത്തിയ അതുഗ്രൻ പ്രകടനത്തിന് കയ്യടിക്കുയാണ് ക്രിക്കറ്റ് ലോകം. 

മൊയീൻ അലി എറിഞ്ഞ എട്ടാമത്തെ ഓവർ. ക്രീസിൽ 37 റൺസെടുത്ത് അതുഗ്രൻ ഫോമിൽ ഹെയിൽസ്. ആദ്യ പന്തിൽ തന്നെ കുറ്റനടിയായിരുന്നു ലക്ഷ്യം. പന്ത് അതിർത്തി കടക്കുമെന്ന് കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു. ഓടിയെത്തിയ ഡിവില്ലിയേഴ്‌സ് വായുവില്‍ ചാടി ഉയര്‍ന്ന് പന്ത് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി. സ്റ്റേഡിയം ത്രസിച്ചിരുന്ന നിമിഷം. സൂപ്പർമാനെ പോലെ മെയ്‌വഴക്കത്തോടെ എബിഡി. 

മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഒാഫ് പ്രതീക്ഷ നിലനിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 204 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ 12 പോയിന്റുമായി ബാഗ്ലൂര്‍ അഞ്ചാം സ്ഥാനത്തെത്തി. 

ക്യാപ്റ്റന്‍ വിരാട് കോഹ്്ലിയെും പാര്‍ഥിവ് പട്ടേലിനെയും കാര്യമായ സംഭാവനകളില്ലാതെ നഷ്ടമായെങ്കിലും  69 റണ്‍സ് നേടിയ ഡി വില്ലിയേഴ്സിന്റേയും 65 റണ്‍സെടുത്ത മൊയീന്‍ അലിയുേടയും കൂട്ടുകെട്ടാണ് ആര്‍സിബിക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.