അങ്ങനെ ഉറങ്ങിയാലോ: റാഷിദ് ഖാനെയും ഷാക്കിബിനെയും ‘ശല്യം’ ചെയ്ത് ധവാൻ; വിഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ മാസ്റ്റർ കൂൾ ആണ് ശിഖാർ ധവാൻ. കണ്ടാൽ ‘കുഴപ്പക്കാരനെ’ന്ന് തോന്നുമെങ്കിലും ശുദ്ധ പാവമാണ് കക്ഷിയെന്ന് സഹപ്രവര്‍ത്തകര്‍ക്ക് അറിയാം. ഈ സീസണിൽ ഹൈദരാബാദിനു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് ധവാൻ പുറത്തെടുത്തതും. ആദ്യ മത്സരത്തിൽ ധവാൻ 78 റൺസാണ് അടിച്ചെടുത്തത്. കളിക്കളത്തിൽ മാത്രമല്ല ഗ്രൗണ്ടിനും പുറത്തും താൻ സൂപ്പർകൂളാണെന്ന് തെളിയിക്കുന്നതായിരുന്നു ധവാൻ ഒപ്പിച്ച കുസൃതി.

വിമാനയാത്രയ്ക്കിടിയിലായിരുന്നു ധവാൻ ആ കൃസൃതി ഒപ്പിച്ചത്. ഉറങ്ങിക്കിടക്കുന്ന സഹതാരങ്ങളായ അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനും ബംഗ്ലാദേശ് താരം ഷാക്കിബിനേയും മൂക്കിൽ പഞ്ഞി കൊണ്ട് തൊണ്ടി ശല്യപ്പെടുത്തുകയായിരുന്നു ധവാൻ. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഇരു താരങ്ങളും ഞെട്ടിയുണരുകയും ചെയ്തു. ഇതു കണ്ട് സഹതാരങ്ങളെല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഉറക്കത്തിലേയ്ക്ക് പോകുന്ന താരങ്ങളെ വീണ്ടും ധവാൻ ഉണർത്തും. മറ്റു താരങ്ങൾ വീണ്ടും പൊട്ടിച്ചിരിക്കുകയും ചെയ്യും. ഹൈദരാബാദ് ടീമിന്റെ ചിരി നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. വിഡിയോ കാണാം.