മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ഗോകുലം കേരള എഫ്സിയുടെ ആദരം

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് കേരളത്തിന്‍റെ സ്വന്തം ഐലീഗ് ടീമായ ഗോകുലം കേരള എഫ്സിയുടെ ആദരം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ്, ഒരു കാലത്ത് ഇന്ത്യന്‍ ഫുട്ബോളിനെ ത്രസിപ്പിച്ചിരുന്ന നാല്‍പ്പതോളം താരങ്ങളെ സംഘാടകര്‍ ആദരിച്ചത്.  

മോഹന്‍ ബഗാനുമായുള്ള ഗോകുലം കേരള എഫ്സിയുടെ കളി കഴിഞ്ഞയുടന്‍ ഗാലറിയില‍്‍ നിന്ന് ഇളകി വന്ന ആരാധകര്‍ താരങ്ങളെ പൊക്കിയെടുത്തു. തുടര്‍ന്ന് ചാഞ്ഞും ചരിഞ്ഞും നിന്നുള്ള സെല്‍ഫിയെടുപ്പ്. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് താരങ്ങളെ സംഘാടകര്‍ ചടങ്ങിനെത്തിച്ചത്. ഒരിക്കല്‍ കൂടി ആരാധകരുടെ നടുവിലെത്തിച്ചതിന് നന്ദി പറഞ്ഞ് താരങ്ങള്‍. 

പ്രേംനാഥ് ഫിലിപ്പ്, ടി.കെ. ചാത്തുണ്ണി, യു. ഷറഫലി, വി.പി. ഷാജി എന്നിങ്ങനെ പോകുന്നു ആദരിക്കപ്പെട്ട താര നിര. അടുത്ത സീസണില്‍ ഗോകുലം കേരള എഫ്സിക്ക് കപ്പുയര്‍ത്താനാകട്ടെ എന്നാശംസിച്ചാണ് ഇവര്‍ മടങ്ങിയത്.