ഡ്യുറാന്‍ഡ് കപ്പ്: കേരള ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഗോകുലം കേരള

ഡ്യുറാന്‍ഡ് കപ്പ് ഫുട്ബോളിലെ ഏഴുഗോള്‍ ത്രില്ലറില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം കേരള. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് കണ്ടെങ്കിലും സമനില ഗോള്‍ നേടാനായില്ല. തീപാറിയ കേരള ഡാര്‍ബിയില്‍ ജയം ഗോകുലം കേരളയ്ക്കൊപ്പം.  4–1ന് പിന്നിലായ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി കണ്ടത് രണ്ടാം പകുതിയില്‍. പ്രബീര്‍ ദാസും അഡ്രിയാന്‍ ലൂണയും സ്കോര്‍ ചെയ്തോടെ ബ്ലാസ്റ്റേഴസ് കടം ഒരുഗോളാക്കി കുറച്ചു. അവസാന മിനിറ്റുകളില്‍ ആക്രമിച്ചുകയറിയ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ ഗോകുലം പ്രതിരോധം ഉലയാതെ നിന്നതോടെ കോഴിക്കോടന്‍ ടീമിന് രണ്ടാം ജയം. ബൗബയുടെ ഹെഡറില്‍ ഗോകുലമാണ് ലീഡെടുത്തത്. 

35ാം മിനിറ്റില്‍ ലൂണയുടെ ഫ്രീക്കിക്കില്‍ തുടങ്ങിയ നീക്കം വലയിലാക്കി ജസ്റ്റിന്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോള്‍ നേടി. അവസാന മല്‍സരത്തില്‍ ബെംഗളൂരു എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. രണ്ടുമല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്.