വമ്പനാരെന്ന് ഇന്നറിയാം; കേരള ബ്ലാസ്റ്റേഴ്സ് ഗോകുലത്തിന് മുന്‍പില്‍; ആദ്യം

കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇന്ന് സൂപ്പര്‍ സണ്‍ഡേ. ആദ്യമായി കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേര്‍ക്കുനേര്‍. ഡ്യുറാന്‍ഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്നത്. ഉച്ചയ്ക്ക് 2.30 മുതല്‍ കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടിലാണ് മത്സരം. 

കേരളത്തിലെ രണ്ട് വമ്പന്‍ ക്ലബുകള്‍ ദേശിയ തലത്തില്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ ആവേശം കൂട്ടുന്നത്. ഇരുടീമുകളുടേയും റിസര്‍വ് ക്ലബുകള്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ദേശിയ തലത്തില്‍ സീനിയര്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത് ആദ്യമാണ്. ഡ്യുറാന്‍ഡ് കപ്പിലെ സീസണിലെ ഗോകുലത്തിന്റെ രണ്ടാമത്തെ മത്സരമാണ് ഇത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തേയും. ജയത്തോടെ സീസണിന് തുടക്കമിടാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. തുടര്‍ ജയമാണ് രണ്ട് വട്ടം ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ലക്ഷ്യമിടുന്നത്. 

ഐഎസ്എല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി വുകോമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് മികവ് കാണിച്ചെങ്കിലും ഒരു മേജര്‍ കിരീടം ചൂടാന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ടീമില്‍ വലിയ മാറ്റവുമായി ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് ഇറങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. രണ്ട് വട്ടം ഐലീഗ് ചാമ്പ്യന്മാരായ കേരള എഫ്സി 2019ല്‍ ഡ്യുറാന്‍ഡ് കപ്പിലും മുത്തമിട്ടിരുന്നു. ഈ സീസണില്‍ കരുത്ത് നിറച്ചാണ് പുതിയ കോച്ചിന് കീഴില്‍ ഗോകുലം എത്തുന്നത്.