ബ്ളാസ്റ്റേഴ്സിനു പിഴച്ചതെവിടെ ?

ആദ്യ മൂന്നു കളികളിൽ സമനില നേടിയപ്പോഴും കേരള ബ്ളാസ്റ്റേഴ്സ് ആരാധകരുടെ സമനില തെറ്റിയിരുന്നില്ല. തോറ്റില്ലല്ലോ എന്ന് ആശ്വസിച്ചു. വൻ ടൂർണമെന്റുകളിൽ ഏതൊരു ടീമിനും സെറ്റാകാൻ രണ്ടോ മൂന്നോ മത്സരം കഴിയുമെന്നായിരുന്നു ഫുട്ബോൾ നിരീക്ഷകരുടെ ന്യായീകരണം. എന്നാൽ ഇന്നലെത്തെ തോൽവിയോടെ ഇനി ഇത്തരം ന്യായീകരണങ്ങൾക്കു വകുപ്പുണ്ടോ? 

മികച്ച ടീമിനോടാണു തോറ്റതെന്നു വേണമെങ്കിൽ പറയാം. എന്നാലും ഗോവ എഫ്സിയെപ്പോലൊരു ടീമിനോടു ഏറ്റുമുട്ടാനിറങ്ങുമ്പോൾ നന്നായി ഗൃഹപാഠം ചെയ്യണമെന്നു പരിശീലകൻ റെനി മ്യുലൻസ്റ്റീൻ മറന്നു പോയോ ? അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ പ്രതിഭയുള്ളവരാണ് ഗോവ ടീമിലുള്ളവർ. പ്രത്യേകിച്ചും കോറോ എന്ന് വിളിക്കുന്ന ഫെറൻ കോറമിനസ്. തുടർച്ചയായി കണ്ടു കളികളിൽ ഹാട്രിക് നേടിയ അപകടകാരി. എതിരാളികളുടെ ചെറിയൊരു പിഴവ്... അതു മാത്രം മതി ഈ താരത്തിന് കത്തിക്കയറാന്‍. 

കോറമിനസിനെ പിടിച്ചു കെട്ടാൻ ബ്ളാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്കു വിചാരിച്ച പോലെ സാധിച്ചില്ല. പിൻനിരയിൽ നങ്കൂരമിട്ടു നിൽക്കാറുള്ള സന്ദേശ് ജിങ്കൻ പോലും ഗോവൻതാരങ്ങളുടെ ആർത്തിരച്ചുള്ള മുന്നേറ്റത്തിൽ വിയർത്തു. ബുദ്ധിപരമായ നീക്കങ്ങളായിരുന്നു ഗോവൻ താരങ്ങളുടേതെന്നു പറയാതെ നിർവാഹമില്ല. അപ്രതീക്ഷിത പാസുകളിലൂടെ ബ്ളാസ്റ്റേഴ്സ് പ്രതിരോധ നിരയെ അങ്കലാപ്പിലാക്കാനും പഴുതുകളിലൂടെ മുന്നേറാനും അവർക്കു സാധിച്ചു. പ്രതിരോധത്തിന് പേരുകേട്ട കൊമ്പന്‍മാര്‍ ഇന്നലെ പ്രതിരോധിക്കാന്‍ മറന്ന കുട്ടികൂട്ടമായി. തോറ്റതിനേക്കാളേറെ ജിങ്കാനും റിനോയും പെസിക്കും ഉള്‍പ്പെട്ട ഡിഫന്‍ഡര്‍മാരുടെ ദയനീയ പ്രകടനമാണ് ആരാധകരെ നിരാശരാക്കിയത്. 

മറുവശത്തു വീണു കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ബ്ളാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. ഗോവൻ ഗോളിയും പ്രതിരോധനിരയും ക്രോസ് ബാറും ബ്ളാസ്റ്റേഴ്സിനു വിലങ്ങുതടിയായി. ഇതു പോലത്തെ കടുത്ത മത്സരങ്ങളിൽ വീണു കിട്ടുന്ന ചെറിയ അവസരങ്ങൾ പോലും മുതലാക്കാൻ സാധിക്കണമായിരുന്നു. എന്നിരുന്നാലും കളിയുടെ അവസാനമിനിറ്റുകളിൽ ബ്ളാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്ത പോരാട്ട വീര്യം ശുഭസൂചകമാണ്. മാർക് സിഫ്നിയോസിന്റെയും ജാക്കിചന്ദിന്റേയും പ്രശാന്തിന്റേയും പ്രകടനങ്ങൾ ടീമിനു പ്രതീക്ഷയേകുന്നു. 

കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കിട്ടിയ സി.കെ. വിനീതും പരുക്കു മൂലം പിൻമാറിയ ഇയാൻ ഹ്യൂമും ദിമിതർ ബെർബറ്റോവും കളിക്കളത്തിൽ ഇല്ലാതിരുന്നതും ബ്ളാസ്റ്റേഴ്സിനെ ക്ഷീണിപ്പിച്ചു. ബ്ളാസ്റ്റേഴ്സിന്റെ തലച്ചോറായിരുന്ന ബെർബറ്റോവിന്റെ പിൻവാങ്ങൽ ആരാധകർ ഞെട്ടലോടെയാണ് കണ്ടത്.