ചരിത്ര നേട്ടത്തിൽ ടീം ഇന്ത്യ; തുടർച്ചയായ ഒൻപതാം പരമ്പര വിജയം

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ഒന്‍പത് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന മൂന്നാമത്തെ ടീമായി മാറി ഇന്ത്യ. ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും ശ്രീലങ്കയ്ക്കെതിരായ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. 410 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തു. 

ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ പ്രതിരോധത്തിന്റെ ബാറ്റ് വീശിയപ്പോള്‍ ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. എന്നാല്‍ റെക്കോര്‍ഡ് ബുക്കില്‍ എണ്‍പതുകളിലെ ഇംഗ്ലണ്ടിനും റിക്കി പോണ്ടിങ്ങിന്റെ ഓസീസിനുമൊപ്പം സ്ഥാനമുറപ്പിച്ചു കോഹ്‌ലിയുടെ യുവ ഇന്ത്യ. 

3 വിക്കറ്റിന് 31 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ 2 വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ധനഞ്ജയ ഡിസില്‍വ എന്ന യുവാവിന്റെ വിസ്മയിപ്പിച്ച ബാറ്റിങ്ങാണ് ലങ്കയെ തോല്‍വിയില്‍ നിന്ന് വിജയത്തിന് തുല്യമായ സമനിലയിലെത്തിച്ചത്. 

പേശിവലിവ് ധനഞ്ജയയെ തിരികെ കയറ്റിയപ്പോള്‍ പ്രതീക്ഷവച്ച ഇന്ത്യയ്ക്ക് മുന്നില്‍ ഉറച്ചു നിന്നു 74 റണ്‍സെടുത്ത റോഷന്‍ സില്‍വയും 44 റണ്‍സുമായി ഡിക്‌വെല്ലയും. 2015ല്‍ ശ്രീലങ്കയില്‍‌ തുടങ്ങിയ ഇന്ത്യയുടെ പടയോട്ടം ഇനി ദക്ഷിണാഫ്രിക്കയിലും തുടരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.