ചേട്ടൻമാരെ തോൽപ്പിച്ച് അനിയൻമാർ കളി തുടങ്ങി; ചെന്നൈയെ നിലംതൊടീക്കാതെ ഇന്ത്യൻ ആരോസ്

ബാംബോളി ∙ ഐ ലീഗിലെ ആദ്യ മത്സരത്തില്‍ തുടക്കക്കാരായ ഇന്ത്യൻ ആരോസിന് ഗംഭീര വിജയം. ചെന്നൈ സിറ്റി എഫ്സിയെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യന്‍ ആരോസ് എയ്തിട്ടത്. അനികേത് ജാദവ് രണ്ടു ഗോളുകളും ബോറിസ് സിങ് മൂന്നാം ഗോളും നേടി. 

അണ്ടർ 17 ലോകകപ്പ് കളിച്ച ടീമിലെയും ഇന്ത്യയുടെ അണ്ടർ 19 ടീമിലെയും താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആരോസിനെ ഐ ലീഗിൽ അവതരിപ്പിച്ചിരിക്കുന്നത്. അണ്ടര്‍ 19 ടീമംഗമായ എഡ്മണ്ടിനെ ഒഴിച്ചു നിര്‍ത്തിയാൽ ഇന്നലെ കളത്തിലിറങ്ങിയ മറ്റ്് താരങ്ങളെല്ലാം ലോകകപ്പ് കളിച്ച അണ്ടർ 17 ടീമിലുണ്ടായിരുന്നവരാണ്. ലോകകപ്പ് പരിശീലകനായ നോർമൻ ഡി മാറ്റോസാണ് ഇന്ത്യൻ ആരോസിന്റെയും പരിശീലന ചുമതല. 

മലയാളി താരം കെ.പി.രാഹുലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. 4–5–1 ഫോർമേഷനിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യൻ ആരോസ് കളിയിലുടനീളം ചെന്നൈ പ്രതിരോധനിരയ്ക്ക് തലവേദനകൾ സൃഷ്ടിച്ചു. ജയത്തോടെ ഐ ലീഗ് പോയിന്റ് ടേബിളിൽ ആരോസ് ഒന്നാമതെത്തി. ബാംബോളിം മെഡിക്കൽ കോളജ് അത്‍ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ആരോസിന്റെ അരങ്ങേറ്റ മൽസരം കാണാൻ വെറും 218 പേർ മാത്രമാണ് ഉണ്ടായിരുന്നത്. പെനൽറ്റി ബോക്സിനു പുറത്ത് വലതു മൂലയിൽനിന്ന് പായിച്ച പന്ത് ചെന്നൈയുടെ വിദേശ ഗോളി യുറോസ് പൊൾയാകിനെ മറികന്ന് ഗോൾ വലകുലുക്കുമ്പോൾ കളിയുടെ പ്രായം വെറും 20 മിനിറ്റ് മാത്രം. മലയാളി താരം രാഹുലിന്റെ ക്രോസിൽനിന്നായിരുന്നു അനികേതിന്റെ ഗോൾ.

ആദ്യ ഗോൾ വീണ ആഘാതത്തിൽ ചെന്നൈ പ്രത്യാക്രമണം ശക്തമാക്കിയെങ്കിലും ഗോൾ കീപ്പർ ധീരജ് സിങ് ആരോസിനു രക്ഷകനായി. എട്ടു ഷോട്ടുകൾ തടഞ്ഞിട്ടാണ് ധീരജ് സിങ് കരുത്തു കാട്ടിയത്. രണ്ടാം പകുതിയിലും ആരോസ് ആക്രമണം തുടർന്നു. 58–ാം മിനിറ്റിൽ മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡ്കയുടെ ഷോട്ട് ചെന്നൈ ഗോളിയുടെ കയ്യിൽത്തട്ടിത്തെറിച്ചു. അവസരം മുതലാക്കി പന്ത് വലയിലേക്ക് തട്ടിയിട്ട് അങ്കിത് ജാദവ് ആരോസിനായി രണ്ടാം ഗോൾ നേടി. അധികസമയത്തായിരുന്നു മൂന്നാം ഗോൾ. ഗോൾ വീണതോടെ അലസരായ ചെന്നൈ സിറ്റി എഫ്സി ഗോൾ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു.