ആരാധകവൃന്ദങ്ങളുടെ പോരാട്ടവേദി കൂടിയാണ് ഇത്തവണത്തെ ഐഎസ്എല്‍

രണ്ട് ആരാധകവൃന്ദങ്ങളുടെ പോരാട്ടവേദി കൂടിയായിരിക്കും ഇത്തവണത്തെ ഐഎസ്എല്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ബെംഗളൂരു എഫ്.സിയുടെ വെസ്റ്റ്-ബ്ലോക്ക് ബ്ലൂസൂം തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. 

ബ്ലാസ്റ്റേഴ്സ് മല്‍സരങ്ങള്‍ക്കിറങ്ങുമ്പോഴെല്ലാം മഞ്ഞക്കടലായി മാറുന്ന കൊച്ചി മലയാളികള്‍ക്ക് പരിചിതമാണ്. ഐഎസ്എല്‍ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ആരാധകക്കൂട്ടം.

ഇത്തവണ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു എതിരാളിയുണ്ട്. ബെംഗളൂരു എഫ് സി.യുടെ ആരാധകസംഘം

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിന്റെ വെസ്റ്റ് ബ്ലോക്ക് ഭാഗം നിറച്ച് ടീമിന് ആവേശം പകര്‍ന്നു നല്‍കിയിരുന്ന ചെറുകൂട്ടമാണ് ഇപ്പോള്‍ വളര്‍ന്ന് വളര്‍ന്ന് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന പേരില്‍ പന്തലിച്ചത്. ഇന്ന് ബെംഗളൂരു ടീമിന്റെ ഊര്‍ജശ്രോതസാണവര്‍. താരങ്ങള്‍ പോലും ഏറ്റെടുക്കുന്നു അവരുടെ ആരവങ്ങള്‍.

കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഇതുവരെ ഏറ്റവും വലിയ ഐഎസ്എല്‍ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഇനിയത് മാറുകയാണ്. ബെംഗളൂരുവിലെ വേദി മഞ്ഞനിറത്തില്‍ മുക്കാനുറപ്പിച്ചിരിക്കുന്ന മഞ്ഞപ്പട, കൊച്ചിയിലേക്ക് നീലക്കുപ്പായക്കാരെ ക്ഷണിക്കുകയാണ്. കാണട്ടെ നീലയുടെ കടുപ്പമെന്ന വെല്ലുവിളിയോടെ.