പ്രണയ ബന്ധത്തെച്ചൊല്ലി തര്‍ക്കം ; ഐസ്ക്രീം വില്‍പ്പനക്കാരനെ കുത്തിക്കൊന്നു

ഡല്‍ഹി ഇന്ത്യ ഗേറ്റിന് സമീപം ഐസ്ക്രീം വില്‍പ്പനക്കാരനെ കുത്തിക്കൊന്നു. ഇരുപത്തിയഞ്ചുകാരനായ പ്രഭാതെന്ന യുവാവിന്‍റെ കൊലപാതകത്തില്‍ അജയ് എന്നയാളെ നോയിഡയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയ ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇന്ത്യ ഗേറ്റിലെ അതിസുരക്ഷാ മേഖലയില്‍ ഇന്നലെ രാത്രിയാണ് പ്രഭാതിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. വില്‍പ്പനയ്ക്കുള്ള ഐസ്ക്രീം സൂക്ഷിച്ചിരുന്ന വണ്ടിക്ക് സമീപമാണ് പ്രഭാതിന് കുത്തേറ്റത്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ വിവരമറിയിച്ചത് അനുസരിച്ച് പൊലീസെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പ്രഭാത് മരിച്ചു. തിരക്കുള്ള മേഖലയില്‍ ആളുകള്‍ ഒഴിഞ്ഞ സമയം നോക്കിയുള്ള കൊലപാതകമാണെന്ന് ഉറപ്പിച്ച പൊലീസ്, സിസി ടിവി ക്യാമറകള്‍ വിശദമായി പരിശോധിച്ച് അന്വേഷണം തുടങ്ങി. പ്രഭാതിന്‍റെ മൊബൈല്‍ഫോണും കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ സമീപത്തുള്ള മറ്റ് കച്ചവടക്കാരുടെ കയ്യില്‍നിന്ന് നമ്പര്‍ മനസ്സിലാക്കിയ പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണമാരംഭിച്ചു. പ്രഭാതിനെ കുത്തിക്കൊന്നശേഷം പ്രതി മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള അന്വേഷണം പൊലീസിനെ എത്തിച്ചത് നോയിഡയിലും. അങ്ങനെ, കൊലപാതകം നടന്ന് കൃത്യം എട്ടാം മണിക്കുറില്‍ പ്രതി അജയ് അറസ്റ്റിലാകുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.  12 സംഘങ്ങളെ രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.  പെണ്‍കുട്ടിക്ക് അജയിനെയാണ് താല്‍പ്പര്യമുണ്ടായിരുന്നതെന്നും കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ പെണ്‍കുട്ടിക്കും പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ പ്രതി അജയ് പന്തല്‍ പണിക്കാരനാണ്. കൊല്ലപ്പെട്ട പ്രഭാതിന്‍റെ ഫോണിന് പുറമെ അയ്യായിരത്തോളം രൂപയാണ് അജയില്‍നിന്ന് കണ്ടെടുത്തിട്ടുള്ളത്.