സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ കണ്ടെത്തിയ മൃതദേഹം ആരുടേത്? വലഞ്ഞ് പൊലിസ്

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാകാതെ പോലീസ്. സ്റ്റേഷനിൽ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള  മേഖലയിലാണ് കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിൽ ആയിരുന്നു. 

ഇന്നലെ രാവിലെയാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണോ തിരിച്ചറിയൽ രേഖകളേ കയ്യിൽ ഇല്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. എന്നാൽ ഒരു ദിവസം പിന്നിട്ടിട്ടും ആരാണ് യുവതിയെന്നു പോലും റെയിൽവേ പോലീസിന് തിരിച്ചറിയാനായിട്ടില്ല. ചൊവ്വാഴ്ച  പുലർച്ചെ  1.45 നാണ്  ജീവനക്കാർക്കായുള്ള മേഖലയിൽ യുവതി എത്തിയത്. സമീപത്ത് വിശ്രമ മുറിയുള്ളതിനാൽ യുവതി മേഖലയിലേക്ക് കയറിപ്പോയത് സുരക്ഷാ ജീവനക്കാർ ശ്രദ്ധിച്ചില്ല.  വിശ്രമമുറിക്ക് സമീപത്തുകൂടി യുവതി പൊതു ജനങ്ങൾക്ക് പ്രവേശമില്ലാത്ത മേഖലയിലേക്ക് കടക്കുകയായിരുന്നു. 

 യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ ഷാൾ കുരുക്കി, ഇരിക്കുന്ന നിലയിലാണ്  മൃതദേഹം. കയ്യിൽ ഫോണോ, തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. ചുറ്റും വലിച്ചെറിഞ്ഞ നിലയിൽ പണം മാത്രമാണ് കണ്ടെത്തിയത്.    പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം.  പെൺകുട്ടിയുടെ ചിത്രം  പോലീസ് പുറത്തുവിട്ടെങ്കിലും ഒരു വിവരവും നിലവിൽ ലഭ്യമായിട്ടില്ല. ഇതോടെ തമിഴ്നാട് സ്വദേശി അല്ല എന്ന നിഗമനമാണ് പോലീസിനുള്ളത്.  കയ്യിൽ ലഗേജുകളോന്നും ഇല്ലാതെ സ്റ്റേഷനിൽ എത്തിയ യുവതി എന്തിനാണ് റെയിൽവേ ജീവനക്കാർക്കായുള്ള മേഖലയിൽ എത്തിയതെന്ന സംശയമാണ് നിലവിൽ ഉയരുന്നത്.  കഴുത്തിൽ തുണി കുരുക്കി ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതും, ഫോണോ തിരിച്ചറിയൽ രേഖകളോ യുവതിയുടെ പക്കൽ ഇല്ലാത്തതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്.

chennai central railway station body