വിഷുക്കൈനീട്ടമായി വീട്; സഹപാഠിക്കായി കൈകോര്‍ത്ത് വിദ്യാര്‍ഥികളും ജനമൈത്രി പൊലീസും

ബിരുദ വിദ്യാർഥിയായ വൈക്കം വാഴമന സ്വദേശിനിക്ക് ഇത്തവണ വിഷു കൈനീട്ടമായി കിട്ടിയത് ഒരു കൊച്ചു വീടാണ്. മറക്കാനാവാത്ത ആ സമ്മാനം നൽകിയതാവട്ടെ വൈക്കം ജനമൈത്രി പൊലീസും സഹപാഠികളും അധ്യാപകരും 

പഠിത്തത്തിൽ മിടുക്കിയായ ബിരുദ വിദ്യാർത്ഥിനിയുടെ ജീവിതാവസ്ഥ കണ്ടറിഞ്ഞതോടെയാണ് മഹാദേവ കോളജ് എന്‍.എസ്.എസ് യൂണിറ്റ് ഒരു വർഷം മുൻപ് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. പിന്നാലെ കോളജ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചിറങ്ങി.വൈക്കം നഗരസഭയിലെ എല്ലാ വാർഡുകളിലും നിന്ന് പണം സമാഹരിച്ചു. കോളജിലെ എന്‍.എസ്.എസ് യൂണിറ്റും ജനമൈത്രി പൊലിസും നേതൃത്വം നൽകി.

6 ലക്ഷം രൂപയോളം സമാഹരിച്ചാണ് വീട് പണി പൂർത്തിയാക്കിയത്.  4 സെന്‍റ് സ്ഥലത്ത് 2 മുറികളും ഒരു ഹാളും അടുക്കളയും ബാത്ത്റൂമും അടങ്ങുന്ന 500 സ്ക്വയർ ഫീറ്റ് വീടിൻ്റെ പാലുകാച്ചൽ വിഷു തലേന്ന് നടന്നു.. വിഷു ദിനമായ ഇന്ന് വിദ്യാർഥിനിയും കുടുംബവും പുതിയ വീട്ടിൽ പുതുജീവിതം തുടങ്ങും. കോളജ് അദ്ധ്യാപകനും എന്‍.എസ്.എസ് മുൻ പ്രോഗ്രാം ഓഫിസറുമായ ബിച്ചു എസ് നായർ, ജനമൈത്രി സി.ആര്‍.ഒ കെ.വി. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ്  വിദ്യാർത്ഥിനിക്ക് മറക്കാനാവാത്ത വിഷു കൈനീട്ടം സമ്മാനിച്ചത്.

Enter AMP Embedded Script