മാങ്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരെ അസഭ്യ വർഷം; മൂന്ന് പേർ പിടിയിൽ

ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരെ അസഭ്യ വർഷം നടത്തിയ മൂന്ന് പേർ പിടിയിൽ. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്. വിഷുദിനത്തിൽ ആനക്കുളം സന്ദർശിക്കാനെത്തിയ സഞ്ചാരികളെയാണ് പരസ്യമായി മദ്യപിച്ചു കൊണ്ട് പ്രതികൾ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞത്.

വിഷു ദിനത്തിൽ ആനക്കുളം സന്ദർശിക്കാനെത്തിയ എറണാകുളം ചെറായി സ്വദേശി നിതീഷിനും കുടുംബത്തിനും നേരെയായിരുന്നു മദ്യപ സംഘത്തിന്റെ പരാക്രമം. മദ്യപിച്ചെത്തിയ സംഘം ചെക്ക് ഡാം ഭാഗത്ത് വെച്ച് വിനോദ സഞ്ചാരികളുടെ വാഹനത്തിൽ ജീപ്പ് ഇടിപ്പിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ വിനോദ സഞ്ചാരികളെ തടഞ്ഞു വെച്ച് അസഭ്യം പറയുകയായിരുന്നു. 

നാട്ടുകാർ എത്തിയിട്ടും മദ്യപസംഘം വിനോദ സഞ്ചാരികളെ തടഞ്ഞുവെച്ചു. പിന്നീട് വിവരമറിഞ്ഞു പൊലീസ് എത്തിയതോടെയാണ് വിനോദ സഞ്ചാരികൾ മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ നിതീഷിന്റെ പരാതിയിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. 

 idukki mankulam arrest