ശുചിമുറി മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കുന്നു; പരാതി

ഇടുക്കി വെള്ളത്തൂവലിൽ റിസോർട്ടുകളിലെ ശുചിമുറി മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കിവിടുന്നെന്ന പരാതിയുമായി നാട്ടുകാർ. നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന ജല സ്രോതസിലേക്കാണ് മാലിന്യം ഒഴുക്കിയത്. പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ റിസോർട്ട് ഉടമകളെ സഹായിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. 

കടുത്ത വരൾച്ച നേരിടുന്ന വെള്ളത്തൂവൽ പഞ്ചായത്തിലെ ഏഴാം വാർഡിലെ റിസോർട്ടുകളാണ് ശുചിമുറി മാലിന്യം മുതിരപ്പുഴയാറിലേക്ക് ഒഴുക്കുന്നത്. കുഞ്ചിതണ്ണി, മേരിലാന്‍റ്, ഈട്ടിസിറ്റി എന്നിവടങ്ങളിലേക്ക് പുഴയിലെ വെള്ളം ഉപയോഗിച്ച് ജലനിധിയുടെ അഞ്ച് കുടിവെള്ള വിതരണ പദ്ധതികളാണുള്ളത്. പരാതി നൽകിയിട്ടും പഞ്ചായത്തിലെ ഉദ്യോഗസ്ഥർ റിസോർട്ട് ഉടമകൾക്ക് സഹായം ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. 

നാട്ടുകാരുടെ  പരാതിയെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത്‌ അധികൃതരും പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തി. കുടിവെള്ള സ്രോതസ് മലിനപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കനാണ് നാട്ടുകാരുടെ തീരുമാനം.