ഭര്‍ത്താവിനെ കൊന്നാല്‍ 50,000 പാരിതോഷികം; വാട്സാപ്പ് സ്റ്റാറ്റസിട്ട് ഭാര്യ; പിന്നാലെ..!

Representative image.

ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ പിണക്കം ക്വട്ടേഷന്‍ കൊടുക്കുന്ന തരത്തിലേക്ക് മാറിയ ഒരു സംഭവമാണ് ആഗ്രയില്‍ നിന്ന് പുറത്തുവരുന്നത്. തന്‍റെ ഭര്‍ത്താവിനെ കൊല്ലുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം തരാമെന്ന് പറഞ്ഞായിരുന്നു ഭാര്യയുടെ ഒരു വാട്സാപ്പ് സ്റ്റാറ്റസ്. ഇത് ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ് ഭാര്യയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 

ആഗ്രയിലെ ബാഹ് ജില്ലക്കാരനായ യുവാവ് 2022 ജൂലൈ ഒന്‍പതിനാണ് മധ്യപ്രദേശുകാരിയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിലുള്ള കുടുംബജീവിതം സുഖകരമായിരുന്നില്ല. തുടക്കംമുതല്‍ തന്നെ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ പതിവായി. അഞ്ചുമാസം ഒന്നിച്ചു ജീവിച്ച ശേഷം 2022 ഡിസംബറില്‍ യുവതി ഇവരുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. ഇതിനുശേഷം യുവതി ഭര്‍ത്താവിന്‍റെ അടുത്തേക്ക് മടങ്ങിവന്നിട്ടില്ല.

യുവതിയുടെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് ആരോപിക്കുന്നു. അനുനയ ചര്‍ച്ചകള്‍ക്കായി ഭാര്യയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇതിനു പിന്നാലെയായിരുന്നു യുവതി വാട്സാപ്പില്‍ സ്റ്റാറ്റസിട്ടത്. തന്‍റെ ഭര്‍ത്താവിനെ കൊലപ്പെ‌ടുത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കാം എന്നായിരുന്നു സ്റ്റാറ്റസ്. ഇത് കണ്ടയുടന്‍ താന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്.‌‌‌

ഭാര്യയ്ക്ക് അയല്‍വാസിയായ മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും ഇതാണ് തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമെന്നും യുവാവ് പറയുന്നു. ഇയാളും തനിക്കുനേരെ വധഭീഷണി മുഴക്കിയിരുന്നുവെന്നും പരാതിയിലുണ്ട്. ഇതിനിടെ ഭര്‍ത്താവിനെതിരെ ഭാര്യയും പൊലീസില്‍ പരാതി നല്‍കി. തനിക്ക് ജീവനാംശം വേണമെന്ന ആവശ്യവും ഇവര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

Wife announced a bounty of ₹ 50,000 for her husband's murder through WhatsApp status; Husband files case.