‌ട്രാവലര്‍ തടഞ്ഞ് അനൂജയെ വിളിച്ചിറക്കി; ‘കൊച്ചച്ചന്റെ മകന്‍’; ദുരൂഹതയേറുന്നു

പത്തനംതിട്ട പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.   തിരുവനന്തപുരത്തേക്കാണ് അനുജ സഹ അധ്യാപകർക്കൊപ്പം വിനോദയാത്ര പോയത്. അനുജയെ ഹാഷിം കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. അനുജയെ ട്രാവലറിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. അനൂജ ആദ്യം പറഞ്ഞത് കൊച്ചച്ചന്റെ മകനെന്നാണ്. പിന്നെ മറ്റ് ടീച്ചര്‍മാര്‍ അനൂജയെ ഫോണില്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍  ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നു പറഞ്ഞു. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തെന്ന് ദൃക്സാക്ഷി. കാർ എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

അപകടത്തില്‍ മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും സുഹൃത്തുക്കളാണ്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. സ്കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ മരണവാര്‍ത്തയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. 

Mystery in pathanamthitta accident