5 കിമീ മൃതദേഹം ചുമന്ന് പൊലിസ്; വനപാതകളും കാട്ടരുവികളും താണ്ടി ദുരിതയാത്ര

കൊടുംവനത്തിനുള്ളിൽ മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം അഞ്ച് കിലോമീറ്റർ ചുമന്ന് പുറംലോകത്ത് എത്തിച്ച് പമ്പ പോലീസ്. തുണിയിലാക്കി കാട്ടുകമ്പുകളിൽ കെട്ടിയാണ് മൃതദേഹം ചുമന്നത്. കാട്ടാനക്കൂട്ടവും കടുവയും വിഹരിക്കുന്ന വഴിയിലൂടെ ആയിരുന്നു യാത്ര.

വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഉൾവനത്തിൽ പോയ 22 വയസുള്ള ജോനമ്മയാണ് മരിച്ചത്. രണ്ടാം തിയതിയാണ് പൊടിമോനും ജോനമ്മയും പൊടിമോന്റെ അമ്മയും മറ്റു ബന്ധുക്കളും കുട്ടികളും അടങ്ങിയ സംഘം ളാഹ കോളനിയിൽ യാത്ര തിരിച്ചത്. വാസനപ്പൂവ്, കുന്തിരിക്കം തുടങ്ങിയ വിഭവങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ചാലക്കയത്ത് നിന്നും 5 കിലോമീറ്റർ ഉള്ളിൽ വനത്തിനുള്ളിൽ സംഘം തങ്ങി. ജോനമ്മ രക്തക്കുറവിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മരുന്ന് മുടങ്ങി. ഇടയ്ക്ക് ക്ഷീണം തോന്നുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഭർത്താവ് പൊടിമോൻ ചാലക്കയത്തേക്ക് തിരിച്ചെങ്കിലും, വഴിയിൽ കാട്ടാനക്കൂട്ടമുള്ളത് കാരണം മണിക്കൂറുകൾ വൈകിയാണ് പുറത്ത് അറിയിക്കാനായത്. തുടർന്നാണ് പമ്പ പൊലീസ് ഉൾ വനത്തിൽ എത്തിയത്. ജോനമ്മയുടെ മൃതദേഹം കാട്ടുകമ്പിൽ തുണികെട്ടി അതിനുള്ളിലായാണ് പോലീസ് ഉദ്യോഗസ്ഥർ 5 കിലോമീറ്റർ കാട്ടിനുള്ളിൽ കൂടി ചുമന്നു പുറത്തെത്തിച്ചത്. ദുർഘടമായ വനപാതകളും കാട്ടരുവികളും കടന്ന് ഏതാണ്ട് 5 മണിക്കൂറോളം സമയമെടുത്തു പോയിവരാൻ. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Pampa police carried the body of tribal woman for five kilometers

Enter AMP Embedded Script