ഇത്തവണയും ഉല്‍സവം കാണാന്‍ യുഎഇയിൽ നിന്ന് നാട്ടിലെത്തി; കാത്തിരുന്നത് ദുരന്തം

കാസർകോട് മഞ്ചേശ്വരത്ത് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അച്ഛനും രണ്ട് മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ പുതുമല വീട്ടിൽ ശിവകുമാർ മക്കളായ ശരത്, സൗരവ് എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ പതിനൊന്നോടെ മഞ്ചേശ്വരം കുഞ്ചത്തൂരിൽ വച്ചായിരുന്നു അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ശിവകുമാറും മക്കളും സഞ്ചരിച്ച കാർ രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാറിൽ കുടുങ്ങികിടക്കുകയായിരുന്ന മൂന്ന് പേരെയും പുറത്തെടുത്തത്. 

രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ആംബുലൻസ് ദിശതെറ്റി വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.കാസർകോട് ചട്ടഞ്ചാൽ സ്വദേശിയായ രോഗിയും ഭർത്താവും നഴ്സും ഡ്രൈവറുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൂടൽമാണിക്യം ക്ഷേത്രോത്സവകാലത്തു നാട്ടിലെത്തുന്ന പതിവ് മുടക്കാത്തയാളായിരുന്നു ശിവകുമാർ. ഇത്തവണയും കൊടിയേറ്റത്തിനു മുൻപു തന്നെ നാട്ടിലെത്തിയെങ്കിലും ഒരിക്കലും തീരാത്ത വേദനയായി ആ വരവ് മാറിയതു നാടിന്റെ നൊമ്പരമായി. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്നതുകൊണ്ടു മാത്രമാണു ഭർത്താവിനും മക്കൾക്കുമൊപ്പം സ്മിതയും യാത്ര പുറപ്പെടാതിരുന്നത്. ഉറ്റവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ചു കാത്തിരുന്ന സ്മിതയ്ക്കു മുന്നിലേക്കെത്തിയതു ദുരന്തവാർത്ത.

35 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന ശിവകുമാർ എല്ലാ ഉത്സവകാലത്തും കണ്ടേശ്വരത്തെ പുതുമന വീട്ടിലെത്ത‍ാറുണ്ട്. ഇത്തവണയും പതിവു മുടക്കിയില്ല. ബിടെക് പഠനത്തിനു ശേഷം അടുത്തയാഴ്ച മകൻ ശരത് അയർലൻഡിലേക്കു പോകാനിരിക്കെയാണ് ഒന്നിച്ചൊരു യാത്ര എല്ലാവരും കൂടി ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ഭാര്യ സ്മിതയുടെ സംരക്ഷണം അച്ഛൻ സുധാകരനെയും അമ്മ സീതയെയും ഏൽപ്പിച്ച ശേഷമാണു ശിവകുമാർ യാത്രയ്ക്കൊരുങ്ങിയത്.

ഒന്നിച്ചു കളിച്ചുവളർന്ന സുഹൃത്തിന്റെ അമ്മയെ കാണാൻ മക്കളെയും കൂട്ടി ബെംഗളൂരുവിലേക്കു സ്വന്തം കാറിൽ പുറപ്പെട്ടത് ശനിയാഴ്ച. ബെംഗളൂരുവിൽ ഒരുദിവസം തങ്ങിയ ശേഷം മൂകാംബിക ക്ഷേത്രത്തിലേക്ക്. മൂവരും ക്ഷേത്രമുറ്റത്തു നിൽക്കുന്ന ചിത്രം പകർത്തി ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 18നു ശിവകുമാർ തിരികെ മടങ്ങാനിരിക്കെയാണു ദുരന്തം. ഒൻപതാം ക്ലാസുകാരൻ സൗരവിന്റെ മരണം നാഷനൽ സ്കൂളിനാകെ വേദനയായി. ചന്തക്കുന്നിൽ ഇവർ നടത്തുന്ന ഇ–സേവന കേന്ദ്രം സ്മിതയ്ക്കൊപ്പം നോക്കിനടത്തിയിരുന്നതു ശരത് ആയിരുന്നു.

Enter AMP Embedded Script