മുരളീധരനെ കൊന്ന് കഷ്ണമാക്കി ഓമന; 28 വര്‍ഷം പിന്നിടുന്നു; പ്രതി ഒളിവില്‍

കോഴിക്കോട്ടെ ഹോട്ടലുടമയുടെ  കൊലക്കേസിന് സമാനമായി ഒരു കൊലപാതകം 28 വർഷങ്ങൾക്ക്  മുൻപ്  ഊട്ടിയിൽ നടന്നിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ സ്വദേശി മുരളീധരനെ കാമുകി ഡോ. ഓമനയാണ് കൊന്നു കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ നിറച്ചത്. 2001ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താന്‍ ഇതുവരെ ഒരു അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.

1996 ജൂലൈ 11നാണ് കാമുകനായ മുരളീധരനെ ഊട്ടിയില്‍വച്ചു കൊലപ്പെടുത്തി മൃതദേഹം  20 കഷ്ണങ്ങളാക്കി   3 സ്യൂട്ട് കേസുകളിൽ ഓമന നിറച്ചത്. ആന്തരികാവയങ്ങൾ ഹോട്ടൽ മുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചു.മെഡിസിന്‍ പഠന കാലയളവില്‍ ഓപ്പറേഷന്‍ കത്തി ഉപയോഗിച്ച പരിചയമാണു ഡോ. ഓമനയെ, മുരളീധരന്റെ മൃതദേഹം മുറിച്ചു കഷണങ്ങളാക്കാന്‍ സഹായിച്ചത്. പോസ്റ്റ്മോര്‍ട്ടം രീതിയിലായിരുന്നു മൃതദേഹം കീറിമുറിച്ചത്. മുരളീധരനെ വെട്ടിനുറുക്കിയപ്പോള്‍ രക്തം ചിന്താത്തത് ഊട്ടി പൊലിസിനെ അത്ഭുതപ്പെടുത്തി.മൃതദേഹം ഊട്ടിയില്‍ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടതെങ്കിലും വിനോദസഞ്ചാരികള്‍ കൂടുതലുള്ളതിനാല്‍ അതു നടന്നില്ല.പിന്നീട് ടാക്‌സിയില്‍ കൊടൈക്കനാലിലേക്ക് പോയി.

അവിടെയും വിനോദ സഞ്ചാരികളുടെ തിരക്കായിരുന്നു. പിന്നീട് കന്യാകുമാരി ലക്ഷ്യമാക്കി. വഴിക്ക് ഡീസലടിക്കാന്‍ കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ സ്യൂട്ട് കേസുകളില്‍നിന്ന് ദുര്‍ഗന്ധം വരുന്നതിന്റെ കാരണം അന്വേഷിച്ചു. ഉടൻ തന്നെ ഓമന കാറില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ പൊലീസ് സ്റ്റേഷനിലും അടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡിലും വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഡിൻഡിഗല്ലിന് അടുത്തു വെച്ച്  ഓമന തമിഴ് നാട് പൊലീസിന്റെ പിടിയിലായത്.

മുരളീധരന്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഓമന പൊലീസിന് നൽകിയ  മൊഴി.മലേഷ്യയിലായിരുന്ന ഓമന കൊലപാതകം നടക്കുന്നതിനു ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. വിവാഹം കഴിക്കാൻ സമ്മതമറിയിച്ച ഓമന  തിരുവനന്തപുരത്തു നിന്ന് ടെലഫോണില്‍ മുരളീധരനെ വിളിച്ചുവരുത്തി കൊല നടത്താൻ വേണ്ടി  ഒരുമിച്ച് ഊട്ടിയിലേക്ക് പോകുകയായിരുന്നു.മുരളീധരന്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതായി ഓമന പറയുന്നുണ്ടെങ്കിലും മുരളീധരനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് കൊലപ്പെടുത്തിയതാണെന്നും വാദമുണ്ട്. ആദ്യം ഊട്ടി പൊലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈം ബ്രാഞ്ചിനു കൈമാറി.

2002 ഫെബ്രുവരിയില്‍ ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ഊട്ടി മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, ഇതിനിടെ തമിഴ്നാട് സെന്‍ട്രല്‍ ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയ ഓമന 2001 ജനുവരി 29 മുതല്‍ ഒളിവില്‍ പോയി. ഇന്റര്‍പോള്‍വരെ തിരഞ്ഞെങ്കിലും ഇന്നും ഓമന എവിടെയാണെന്ന്  കണ്ടെത്താനായിട്ടില്ല.